പ്രതിഷേധം അലയടിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും മാർച്ച്
ഇനിയൊരു ജീവൻ വിട്ടുതരില്ല

ജീവനക്കാരും അധ്യാപകരും കോഴിക്കോട് സിവിൽ സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
സ്ഥലംമാറ്റ ഹത്യകൾക്കെതിരെ ജീവനക്കാരും അധ്യാപകരും നടത്തിയ മാർച്ചിൽ പ്രതിഷേധം ആളിക്കത്തി. അന്യായ സ്ഥലം മാറ്റങ്ങൾ റദ്ദാക്കണമെന്നും മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റത്തെ തുടർന്ന് ജീവനക്കാർ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും മാർച്ച് നടത്തിയത്. കോഴിക്കോട് സിവിൽ സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത സ്ഥലംമാറ്റവും മാനസിക പീഡനവുംമൂലം ജീവനൊടുക്കി. കുഴഞ്ഞുവീണ് മരിച്ച, ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ ദീപലേഖയും സ്ഥലംമാറ്റത്തിന്റെ ഇരയാണ്. കണ്ണൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഡോക്ടർ രാധാമണി എൻജിഒ അസോസിയേഷൻ നേതാക്കളുടെ ഭീഷണിയെ തുടർന്ന് ഹൃദയാഘാതം വന്ന് സിസിയുവിലാണ്. യുഡിഎഫ് സർക്കാർ അധികാരമേൽക്കും മുമ്പ് ആരംഭിച്ച അന്യായ സ്ഥലംമാറ്റങ്ങൾ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇനിയൊരു ജീവൻ വിട്ടുതരില്ല എന്ന് പ്രഖ്യാപിച്ച് ജീവനക്കാർ പ്രക്ഷോഭരംഗത്ത് ഇറങ്ങിയത്. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ആർ എം രാജൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ, കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി എം മഹേഷ് എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി സജിത്കുമാർ സ്വാഗതം പറഞ്ഞു.










0 comments