തുറന്നു അറിവിന്റെ പുതുലോകം

പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്‌ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിദ്യാർഥികൾക്ക് പുസ്തകം സമ്മാനിച്ചപ്പോൾ
സ്വന്തം ലേഖകൻ കോഴിക്കോട് പത്തിന്റെ പടികടന്ന് അവർ പുതിയ അക്ഷരമുറ്റങ്ങളിലെത്തി. ഇനി അറിവിന്റെ വലിയ ലോകത്തേക്ക്. മൂന്ന് അലോട്ട്മെന്റിലായി പ്രവേശനം നേടിയ 31,349 കുട്ടികളാണ് ആദ്യദിനത്തിൽ പ്ലസ്‌വൺ ക്ലാസുകളിലെത്തിയത്. ജൂൺ 28ന് നാലാം അലോട്ട്മെന്റ് കൂടി കഴിയുന്നതോടെ എസ്‌എസ്‌എൽസി പരീക്ഷ പാസായ മുഴുവനാളുകൾക്കും പ്രവേശനം ലഭ്യമാകും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ നൽകാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകുകയോ നിലവിലുള്ളത് പുതുക്കുകയോ ചെയ്യാം. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും ഈ അവസരത്തിൽ തെറ്റുതിരുത്തി അപേക്ഷ പുതുക്കിനൽകാം. എസ്‌എസ്‌എൽസി പരീക്ഷ പാസായവരിൽ ഒരുവിഭാഗം വിഎച്ച്‌എസ്‌സി, ഐടിഐ, പോളിടെക്നിക് കോളേജുകളിലേക്കും ഉപരിപഠനത്തിനായി പോകും. ഇതിനുപുറമെ സ്വകാര്യ സ്കൂളുകളിലും സീറ്റുകൾ ഒഴിവുണ്ട്. ജില്ലാതല പ്രവേശനോത്സവം ‘വരവേൽപ്പ്’ കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്‌ഘാടനംചെയ്തു. കൗൺസിലർ എൻ ശിവപ്രസാദ് അധ്യക്ഷനായി. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ്‌കുമാർ, ജി മനോജ്‌കുമാർ, സി കെ മനോജ്, ദീപാഞ്ജലി മണക്കടവത്ത്, കെ ജെറീഷ്, കെ പ്രദീപ്‌കുമാർ എന്നിവർ സംസാരിച്ചു.










0 comments