ഇതാ കാക്കൂരിന്റെ ഫൈവ് സ്റ്റാർ കുടുംബാരോഗ്യ കേന്ദ്രം

കാക്കൂർ കുടുംബാരോഗ്യ കേന്ദ്രം
ഉണ്ണി ഈന്താട്
Published on Apr 01, 2026, 01:31 AM | 1 min read
കക്കോടി
കാക്കൂർ പിസി പാലത്തെ പഴയ ഡിസ്‌പെൻസറിയിൽ പോയവർ ഇപ്പോൾ ഒന്നങ്ങോട്ട് കടന്നാൽ മൂക്കത്ത് വിരൽവച്ചുപോകും... കെട്ടിടത്തിൽനിന്ന് തുടങ്ങുകയാണ്, മാറ്റം. ചിതലരിച്ച മേൽക്കൂരയ്‌ക്കുമേൽ ടാർപ്പായ വലിച്ചുകെട്ടിയ കെട്ടിടം മാറി, അഴകുള്ള കോൺക്രീറ്റ് കെട്ടിടമായി. ചെളിവെള്ളം കെട്ടിനിൽക്കുന്ന മുറ്റത്ത് നല്ല കിടിലൻ ടൈല് പതിച്ചു. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഡോക്ടർമാരെന്നത് ദിവസവും വൈകിട്ടുവരെ ഒന്നോ രണ്ടോ ഡോക്ടർമാർ എന്നായി... ആംബുലൻസ്, മരുന്നുകൾ, കാത്തിരിപ്പുകേന്ദ്രം... പിന്നെ എങ്ങനെ അത്ഭുതപ്പെടാതിരിക്കുമെന്ന് ചോദിക്കുകയാണ് നാരങ്ങാപൊയിലിലെ ആയിഷ ഉമ്മയും പുന്നശ്ശേരിയിലെ പത്മിനിയേടത്തിയും... ആരോഗ്യരംഗത്തെ കുതിച്ചുചാട്ടത്തിനൊപ്പം കാക്കൂർ കുടുംബാരോഗ്യ കേന്ദ്രവും സൂപ്പറായി. ഡിസ്പെൻസറി തുടങ്ങിയതുമുതൽ കാക്കൂർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയപ്പോഴും ചികിത്സക്കെത്തുന്നവരാണ് ഇരുവരും. ആരോഗ്യ കേരളത്തിന്റെ കുതിപ്പിൽ കാക്കൂർ കുടുംബാരോഗ്യ കേന്ദ്രവും സൂപ്പറായതിന്റെ അനുഭവസാക്ഷ്യങ്ങളാണിരുവരും പങ്കുവയ്‌ക്കുന്നത്. ആഴ്ചയിൽ ഏതെങ്കിലുമൊരു ദിവസം സ്പെഷൽ ഡോക്ടർമാർ, കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കും പ്രത്യേക പരിരക്ഷ, കുടുംബാരോഗ്യ കേന്ദ്രത്തിലെത്താൻ കഴിയാത്ത രോഗികളെ വീട്ടിലെത്തി ചികിത്സിക്കൽ, പ്രതിരോധ കുത്തിവയ്‌പുകൾ പറഞ്ഞാൽ തീരില്ല, ചികിത്സാ മികവുകൾ. ഒബ്സർവേഷൻ റൂം, ഒപി ടിക്കറ്റ് കൗണ്ടർ, നവീകരിച്ച ഫാർമസി, മികച്ച ലാബ് സംവിധാനം തുടങ്ങിയവ ഒരുക്കി. ഇ- ഹെൽത്ത് സംവിധാനത്തിലേക്ക് കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റി. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മാസത്തിൽ രണ്ടോ മൂന്നോ തവണ ജീവിതശൈലീ രോഗങ്ങൾക്ക് രക്ത പരിശോധനയടക്കമുള്ള സംവിധാനങ്ങൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുന്നുണ്ട്. നേരത്തെ, ഇവിടെയെത്താൻ റോഡുപോലും ഉണ്ടായിരുന്നില്ല. പ്രധാന റോഡിൽനിന്ന് ഇന്റർലോക്ക് വിരിച്ച റോഡുകൂടി നിർമിച്ചു. മനോഹരമായ പ്രവേശന കവാടവും നിർമിച്ചു. ഡോക്ടറെയും അനുബന്ധ പാരാമെഡിക്കൽ സ്റ്റാഫിനെയും പഞ്ചായത്ത് നിയമിച്ചു. പഞ്ചായത്തിന്റെയും എൻഎച്ച്എമ്മിന്റെയും ഫണ്ടും ഉൾപ്പെടെ 56 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇതെല്ലാം പൂർത്തിയാക്കിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കാക്കൂർ കാവിൽ ജനകീയ ആരോഗ്യകേന്ദ്രം, കാരക്കുന്നത്ത് ജനകീയ ആരോഗ്യകേന്ദ്രം, കുട്ടമ്പൂർ ആയുർവേദ ഡിസ്പെൻസറി എന്നിവയിലെല്ലാം മികച്ച സൗകര്യങ്ങളാണുണ്ടായത്.










0 comments