സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2025
സംസ്ഥാനത്ത് നന്പർ വൺ; *ദക്ഷിണ മേഖലയില്‍ രണ്ടാമത്

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2025
കോഴിക്കോട്
ഗ്രാമീണ ശുചിത്വത്തിലും മാലിന്യ സംസ്‌കരണ രംഗത്തെ മികവിനും ജില്ലയ്‌ക്ക് ദേശീയാംഗീകാരം. സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2025 റാങ്കിങ്ങില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ദക്ഷിണ മേഖലയില്‍ രണ്ടാം സ്ഥാനവും നേടിയാണ് കോഴിക്കോട് ജില്ല അഭിമാന നേട്ടം കൈവരിച്ചത്. ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കുടിവെള്ള- ശുചിത്വ വകുപ്പ് നല്‍കുന്ന അംഗീകാരമാണിത്. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയിലാണ് രണ്ടാം സ്ഥാനം. കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ശുചിത്വ മിഷന്‍ കോ ഓർഡിനേറ്റര്‍ ഇ ടി രാകേഷ് എന്നിവരുടെ നേതൃപരമായ ഇടപെടലാണ് കോഴിക്കോടിനെ അഭിമാന നേട്ടത്തിന് അർഹമാക്കിയത്.
സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വേയുടെ ഭാഗമായി സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളിലെ ശുചിത്വവും ശൗചാലയ സൗകര്യങ്ങളും ദേശീയ ഏജന്‍സികള്‍ നേരിട്ട് പരിശോധിച്ചിരുന്നു. മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെയും ഗാര്‍ഹിക മേഖലയിലെയും മാലിന്യ സംസ്‌കരണവും ശുചിത്വ സംവിധാനങ്ങളും പരിഗണിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍, ഗ്രേ വാട്ടര്‍ മാനേജ്‌മെന്റ് സംവിധാനങ്ങള്‍, ഫീക്കല്‍ സ്ലഡ്ജ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും വിലയിരുത്തി. പഞ്ചായത്തുകളുടെയും ഏകോപിത പ്രവര്‍ത്തനവും ജനപങ്കാളിത്തവും നവീന മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമാണ് ജില്ലയെ നേട്ടത്തിനര്‍ഹമാക്കിയത്. ജില്ലാതലത്തില്‍ നടപ്പാക്കിയ 'സ്വച്ഛത ഹി സേവ' ക്യാമ്പയിന്‍, സ്‌കൂളുകള്‍, എന്‍എസ്എസ് യൂണിറ്റുകള്‍, പഞ്ചായത്തുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ശുചിത്വ ബോധവൽക്കരണം, പരിശീലന പ്രവര്‍ത്തനങ്ങള്‍ എന്നിവയും നിര്‍ണായകമായി. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടമെന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഈ അംഗീകാരം ശക്തി പകരുമെന്നും കലക്ടറും ശുചിത്വ മിഷന്‍ കോ ഓർഡിനേറ്ററും അറിയിച്ചു.










0 comments