രാധ ഭൂമി നൽകും
തലയ്ക്കുമീതെ ഇനി ശൂന്യാകാശമല്ല വീടൊരുങ്ങും

രാധ ടീച്ചർ
എ സജീവ്‌കുമാർ
Published on Jul 26, 2025, 03:43 AM | 1 min read
കൊയിലാണ്ടി
സ്വന്തമായി ഭൂമിയില്ലാത്ത ഒരുപാട് പാവങ്ങളുണ്ട്. അവർക്ക് ഇത്തിരി ഭൂമി കിട്ടിയാൽ സർക്കാർ വീടുവച്ചു നൽകും. പത്രത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന കണ്ടിട്ടാണ് നമ്പ്രത്തുകര പ്രശാന്തിയിലെ റിട്ട. അധ്യാപിക വി രാധ തന്റെ പതിനെട്ടര സെന്റ് ഭൂമി ലൈഫ്മിഷന് നൽകിയത്. കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപികയാണ് ഇവർ ഇതിലൂടെ തലക്കുളത്തൂർ പഞ്ചായത്തിലെ ഭവനരഹിതരായ 6 കുടുംബങ്ങൾക്ക് സ്വന്തമായി വീടാകും. ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് വയ്‌ക്കാനുള്ള ലൈഫ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിന്റെ ഭാഗമായാണ് ഭൂമിദാനം. രാധയുടെ അച്ഛൻ തിരുവോത്ത് രാഘവൻ നായർ കോഴിക്കോട് മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു. സ്ഥലം ഭാഗം വച്ചതിൽ രാധയ്‌ക്ക് കിട്ടിയ ഭാഗമാണ് മക്കളുടെ പിന്തുണയോടെ ടീച്ചർ വിട്ടുകൊടുക്കുന്നത്. 'ഈ ഭൂമി പാവങ്ങള്‍ക്ക് കിട്ടണം. വിശദമായി അന്വേഷിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയശേഷമാണ് ലൈഫ് മിഷന് ഭൂമി നല്‍കാന്‍ തീരുമാനമെടുത്തത്', രാധ പറയുന്നു. ടീച്ചറുടെ ഭർത്താവ് പരേതനായ ഇ കെ ദാമു മാഷ് അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്നു. മികച്ച ലൈബ്രറിക്ക് ഇദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം കുടുംബം നൽകുന്നുണ്ട്. തലക്കുളത്തൂര്‍ പഞ്ചായത്തിലെ മൂന്ന് അതിദരിദ്രര്‍, മൂന്ന് ലൈഫ് ഗുണഭോക്താക്കള്‍ എന്നിവര്‍ക്കാണ് ഇതോടെ സ്വന്തമായി ഭൂമിയായത്. എട്ടാം വാര്‍ഡില്‍ മതിലകത്താണ് ഭൂമി. 28ന് പറപ്പാറ നടക്കുന്ന മെറ്റീരിയല്‍ കലക്‌ഷന്‍ ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്ക് ആധാരം കൈമാറുകയും രാധയെ തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് ആദരിക്കുകയും ചെയ്യും. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന രാധ ടീച്ചര്‍ മുമ്പും സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്ന് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള പറഞ്ഞു. ഗിരീഷ്, പ്രീത, വിനീത, സജിത എന്നിവര്‍ മക്കളാണ്.










0 comments