വീണ്ടെടുക്കാൻ യുവപോരാളി

വി ആർ അഖിൽ
Published on Mar 23, 2026, 12:42 AM | 1 min read
കൊടുവള്ളി
കൊടുവള്ളിക്ക് അഞ്ച് വർഷമായി നഷ്ടമായ പച്ചപ്പ് വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് എൽഡിഎഫ്. നാടിന്റെ തുടിപ്പും മിടിപ്പും തൊട്ടറിഞ്ഞ സാമൂഹ്യപ്രവർത്തകനും ആർജെഡി സംസ്ഥാന സെക്രട്ടറിയുമായ സലീം മടവൂരാണ് എൽഡിഎഫിനായി സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത്. പ്രമുഖ വ്യക്തികളെ നേരിൽക്കണ്ടും സഥാപനങ്ങൾ സന്ദർശിച്ചും നേരിട്ട് കാണാൻ കഴിയാത്തവരെ ഫോണിൽ ബന്ധപ്പെട്ടും കളംപിടിച്ചിരിക്കുകയാണ് നാടിന്റെ പ്രിയസാരഥി. മർകസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ സലീം മടവൂർ യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റായും ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മടവൂർ ജനകീയ പോരാട്ടങ്ങളിലും സമരമുഖങ്ങളിലും ആർജിച്ച അനുഭവസന്പത്തുമായിട്ടാണ് പൊന്നിൻപ്രഭ ചൊരിയുന്ന കൊടുവള്ളിയിൽ പോരിനിറങ്ങുന്നത്. ആൾക്കൂട്ട കൊലപാതകങ്ങൾ നടന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങൾ സന്ദർശിച്ച് നിയമപോരാട്ടം നടത്തിയതിലും പൗരത്വ ഭേദഗതി ബില്ലിനെതിരായ പോരാട്ടത്തിലും സലീം മടവൂരിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ ഇടതുപക്ഷ എംഎൽഎമാർ വികസനപ്പെരുമഴ സൃഷ്‌ടിച്ചപ്പോൾ കൊടുവള്ളിയിൽ കഴിഞ്ഞ അഞ്ച് വർഷം സന്പൂർണ പരാജയമായിരുന്നു. നിലവിലുള്ള എംഎൽഎയായ എം കെ മുനീറിനെതിരെ ശക്തമായ വിമർശനത്തെ തുടർന്നാണ് കൊടുവള്ളിയിൽനിന്ന് ഒഴിവാക്കിയത്. ഇനി മണ്ഡലത്തിൽ ഇറക്കുമതിക്കാർ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കത്തയക്കുകയും ചെയ്‌തിരുന്നു. എന്നാൽ മണ്ഡലം കമ്മിറ്റിയെ അവഗണിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെയാണ് ഇത്തവണ യുഡിഎഫ് മത്സരരംഗത്തിറക്കിയത്. സ്ഥാനാർഥി നിർണയത്തിൽ അസംതൃപ്‌തരായ ഒരു വിഭാഗം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ താമരശേരിയിലെ പ്രാദേശിക നേതാവിന്റെ വീട്ടിൽ യോഗം ചേർന്നിരുന്നു. മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥികൾ വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഒരുവിഭാഗം. കുന്നമംഗലം സ്വദേശിയായ ഫിറോസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ താനൂരിൽ വി അബ്ദുറഹിമാനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരി പാന്പനാലാണ് എൻഡിഎ സ്ഥാനാർഥി. 2,01,174 വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്താനുള്ളത്.









0 comments