അതിർത്തി ഗ്രാമങ്ങളിൽ ജ്വലിക്കാൻ ജയപ്രകാശിന്റെ അടുപ്പുകൾ

ജയപ്രകാശും ഭാര്യ റാണിയും ഗ്യാൻ പ്രൊജക്റ്റിന്റെ പ്രവർത്തകർക്കും കശ്മീർ അതിർത്തിയിലെ ഗ്രാമീണർക്കുമൊപ്പം
എ സജീവ്കുമാർ
Published on Jun 02, 2026, 12:00 AM | 1 min read
കൊയിലാണ്ടി
ഹിമാലയൻ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ വർഷത്തിൽ ഭൂരിഭാഗവും തണുത്തുറയുന്ന ഗ്രാമങ്ങളിലെ സാധാരണക്കാർ പാചകത്തിന് ഇനി കൊയിലാണ്ടി സ്വദേശി ജയപ്രകാശിന്റെ അടുപ്പുകൾ ഉപയോഗിക്കും. ഗോത്രവർഗക്കാരടങ്ങുന്ന ഗ്രാമീണരുടെ ഉന്നമനത്തിനായി ‘ഗ്യാൻ’ നേതൃത്വം നൽകുന്ന പ്രൊജക്ടിലേക്കാണ് ജെപി സ്റ്റൗവ് തെരഞ്ഞെടുക്കപ്പെട്ടത്. അതിശൈത്യവും ശീതക്കാറ്റും മഞ്ഞുവീഴ്ചയും സാധാരണമായ ഇവിടങ്ങളിൽ അതികഠിനമായ തണുപ്പിനെ പ്രതിരോധിക്കാൻ മരം കൊണ്ടുള്ള വീടുകളാണ് പണിയുന്നത്. ചൂട് മുറിക്കുള്ളിൽ പരമാവധി നിലനിർത്തുന്ന രീതിയിൽ ജനലുകളും വാതിലുകളും ക്രമീകരിച്ചിരിക്കുന്നു. ചെമ്മരിയാടുകളെ വളർത്തലാണ് ഗ്രാമീണരുടെ പ്രധാന തൊഴിൽ. വീടുകളിലെ താഴത്തെ നിലയിൽ ആടുകളും മുകളിലത്തെ നിലയിൽ ആളുകളുമാണ് താമസിക്കുന്നത്. ആട്ടിൻ കൂട്ടത്തിന്റെ ശരീരത്തിൽ നിന്നുമുണ്ടാകുന്ന ചൂട് മുകളിലെ നിലയിലേക്കെത്താനാണ് വീടുകൾ ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. വിറകടുപ്പുകളിലും വിറകു കത്തിച്ചുപയോഗിക്കുന്ന ബുക്കാരി പോലുള്ള സംവിധാനങ്ങളിലുമുണ്ടാകുന്ന പുക വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നതിനാലാണ് പുകയും തീയാക്കി മാറ്റി ചൂടുകൂടുതൽ ലഭിക്കുന്ന ജെപി ടെക് അടുപ്പ് ഇവിടെ ഉപയോഗിക്കാൻ തീരുമാനിച്ചത്. ജെപി ടെക് അടുപ്പിൽനിന്ന് പുക പുറത്തുവരുന്നില്ലെന്നു മാത്രമല്ല വിറകിന്റെ ഉപയോഗം മൂന്നിലൊന്നു മതി. പാചകത്തിനു പുറമേ റൂം ഹീറ്ററായും ഉപയോഗിക്കാം. ഇവിടത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ജെപി സ്റ്റൗ പ്രവർത്തിക്കുമോ എന്നതിനെ കുറിച്ച് ഗവേഷണം നടത്താനാണ് ഗ്യാൻ പ്രൊജക്ട് ടീമിന്റെ നേതൃത്വത്തിൽ ജയപ്രകാശ് കഴിഞ്ഞ ദിവസം ഹിമാലയൻ താഴ്‌വരയിലെത്തിയത്. ജെപി അടുപ്പിന്റെ പുറംഭാഗം ചൂടാകാറില്ല. സിറാമിക് ഇൻസുലേഷനാണ് ഇതിനു കാരണം. പക്ഷേ താഴ്‌വരകളിലെ വീടുകളിൽ ചൂട് നിലനിർത്താൻ അടുപ്പിന്റെ പുറംഭാഗത്തെ ചൂടുകൂടി അത്യാവശ്യമായതിനാൽ ഇൻസുലേഷൻ ഒഴിവാക്കിയ അടുപ്പുകളാണ് ഇത്തരം പ്രദേശങ്ങൾക്കാവശ്യം. ട്രാൻസ്പോർട്ടേഷൻ ചെലവ് അധികമാകുന്നതിനാൽ ശ്രീനഗറിനടുത്ത് ബന്ദിപ്പുരയിൽ അടുപ്പ് നിർമിച്ച് വാങ്ങാനാണ് ഗ്യാൻ ഉദ്ദേശിക്കുന്നത്. ഇതിനുള്ള സൗകര്യങ്ങളും അവർ ഒരുക്കും.










0 comments