ഖൽബിൽ പന്തുരുളണ കോഴിക്കോട്

കോഴിക്കോട് ബിഇഎം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന വേൾഡ് കപ്പ് ഫാൻസ് ഷോയിൽ വിദ്യാർഥിനികൾ
കോഴിക്കോട്
നാടെങ്ങും ലോകകപ്പിനെ വരവേറ്റ് വിളംബരറാലിയും ഫുട്‌ബോൾ മത്സരങ്ങളും. ആവേശം അലതല്ലുന്ന പച്ചപ്പുല്ലിൽ തീപടർത്തുന്ന കാലുകൾക്കായി ആർപ്പുവിളികളുമായി കടലുപോലെ ആർത്തിരന്പി ഫുട്‌ബോൾ ആരാധകർ നഗരം കീഴടക്കി. കലാശപ്പോരിൽ കീരിടം നേടുന്നതുവരെ കാൽപ്പന്തിനെ സ്‌നേഹിക്കുന്നവർക്ക് ഇനി ഉറക്കമില്ല. കീരിടം നിലനിർത്തുമെന്ന് അർജന്റീന ആരാധകർ തീർത്തുപറയുന്പോൾ ഖത്തറിലെ പരാജയത്തിന് കണക്കുതീർക്കുമെന്നാണ് ഫ്രഞ്ചുപടക്കാരുടെ വാദം. റെക്കോഡ് ഭേദിച്ച് ബ്രസീൽ ഇക്കുറി സംബാ നൃത്തച്ചുവടുകളുമായി മുന്നേറുമെന്ന് മഞ്ഞപ്പടയും ഇൗ ലോകകപ്പ് റൊണാൾഡോക്കാണെന്ന് പോർച്ചുഗൽ ആരാധകരും ഉറപ്പിക്കുന്നു. അങ്ങനെ കോഴിക്കോടിന്റെ ഫുട്‌ബോൾ സ്വപ്‌നങ്ങൾക്ക് നിറങ്ങൾ പലതാണ്. റോട്ടറി ക്ലബ് ഓഫ് കലിക്കറ്റ് സൈബർ സിറ്റി നേതൃത്വത്തിൽ കെഎസ്‌ആർടിസി ഡബിൾഡെക്കർ ബസിൽ നഗരത്തിൽ വിളംബരറാലി സംഘടിപ്പിച്ചു. കെ ജയന്ത് എംഎൽഎ ഫ്‌ളാഗ്‌ഓഫ് ചെയ്‌തു. അരയിടത്തുപാലത്തെ ഗ്രാൻഡ് സോക്കർ ടർഫിൽ നടന്ന ഫുട്‌ബോൾ പ്രദർശനം മേയർ ഒ സദാശിവൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പൊലീസ്, റോട്ടറി സൈബർ സിറ്റി, കോഴിക്കോട് കോർപറേഷൻ, കലിക്കറ്റ് പ്രസ്‌ക്ലബ്, ഇൻഫ്ലുവൻസേഴ്‌സ് ടീം തുടങ്ങിയവർ അണിനിരന്നു. കാണികൾക്കായി ഷൂട്ട്‌ഒൗട്ട് മത്സരവുമൊരുക്കി. ജനകീയ സമിതി പുതിയപാലം ഇത്തവണയും ബിഗ്‌സ്‌ക്രീനൊരുക്കി. കോഴിക്കോട് ബിഇഎം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന വേൾഡ് കപ്പ് ഫാൻസ് ഷോയിൽ ആർപ്പുവിളികളുമായാണ് കുട്ടിആരാധകരെത്തിയത്.









0 comments