സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വിരമിച്ചിട്ട് 2 മാസം; ഉപതെരഞ്ഞെടുപ്പ് നടത്താൻ ആളില്ല


മിൽജിത്ത് രവീന്ദ്രൻ
Published on Jun 12, 2026, 01:38 AM | 1 min read
തിരുവനന്തപുരം
: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വിരമിച്ച് രണ്ടുമാസം പിന്നിട്ടിട്ടും പുതിയ നിയമനം നടത്താത്തത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടപടികളെ പ്രതിസന്ധിയിലാക്കി. മാർച്ച് 31 നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന എ ഷാജഹാൻ വിരമിച്ചത്. അതിനു മുമ്പ്, ജില്ലാ ജഡ്‌ജിയും നിയമ സെക്രട്ടറിയുമായിരുന്ന എം ജി സനൽകുമാറിനെ പുതിയ തെരഞ്ഞെടുപ്പു കമീഷണറായി കഴിഞ്ഞ സർക്കാർ തീരുമാനിച്ച് ഗവർണർക്ക് ശുപാർശ നൽകിയിരുന്നു. ഗവർണർ ഇൗ നിയമനം അംഗീകരിച്ചില്ല.
യുഡിഎഫ് അനുകൂലികളായ കടലാസ് സംഘടനയും അന്നത്തെ പ്രതിപക്ഷവും സനൽകുമാറിനെതിരെ ഗവർണറെ സമീപിച്ചിരുന്നു. മന്ത്രിസഭ നൽകിയ ശുപാർശയ്‌ക്കൊപ്പം ഹൈക്കോടതിയുടെ സമ്മതപത്രം ഇല്ലെന്ന് കാണിച്ചാണ് ഗവർണർ ആദ്യം നിയമനം നടത്താതിരുന്നത്. ഹൈക്കോടതിയുടെ സമ്മതപത്രം കൈമാറിയെങ്കിലും നിയമനം നടത്താൻ തയ്യാറായുമില്ല. യുഡിഎഫ് സർക്കാർ തുടർനടപടിയും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഒഴിവുവന്ന 30 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിന് സമയമായി.
ഒഴിവുണ്ടായാൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണം. ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ ഇതിലുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി എടുക്കേണ്ട പരാതികളിലും നടപടിയായില്ല. പുതിയ സർക്കാർ വന്നശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥരെയടക്കം സ്ഥലംമാറ്റി ഉത്തരവിറക്കി. ഇതിൽ പലർക്കും തെരഞ്ഞെടുപ്പ് കമീഷണർ ഇല്ലാത്തതിനാൽ വിടുതൽ ലഭിക്കാത്ത സാഹചര്യമാണ്.








0 comments