പൊൻമുടിയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു, ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

തിരുവനന്തപുരം: അതിശക്ത മഴയെ തുടർന്ന് തിരുവനന്തപുരം പൊൻമുടിയിൽ മണ്ണിടിച്ചിൽ. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് മണ്ണിടിച്ചിമുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയെ തുടർന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടവും അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ് പെയ്യുന്നത്. നെല്ലിയാമ്പതിയും അടച്ചതായി അധികൃതർ അറിയിച്ചു. ഇന്നും നാളെയും വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം ശക്തമായ മഴയെത്തുടർന്ന് നെയ്യാർ ഡാമിലെ ജലനിരപ്പ് മൂന്നാമത്തെ മുന്നറിയിപ്പ് നില കഴിഞ്ഞതിനാൽ ഡാമിന്റെ 4 ഷട്ടറുകളും ഇന്ന് രാവിലെ 7.30ന് 20 സെന്റിമീറ്റർ വീതം (ആകെ 80 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് രാവിലെ 6.30ന് 40 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 200 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മംഗലം ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.









0 comments