ജാവലിൻ ത്രോയിൽ ചരിത്രമെഴുതി ഇന്ത്യ; നീരജ് ചോപ്രക്ക് വെള്ളി, യഷ്‌വീർ സിംഗിന് വെങ്കലം

നീരജ് ചോപ്രയും യഷ്‌വീർ സിംഗും | Image Credit : NDTV Sports
ഗ്ലാസ്ഗോ : കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ചരിത്ര നേട്ടത്തിൽ ഇന്ത്യ. ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രക്ക് വെള്ളി. യുവതാരം യഷ്‌വീർ സിംഗിന് വെങ്കലം. ശ്രീലങ്കയുടെ റുമേഷ് തരങ്ക പതിരാഗെക്കാണ് സ്വർണ നേട്ടം.
ശക്തമായ കാറ്റും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തെ വകവെയ്ക്കാതെയാണ് ഗ്ലാസ്ഗോയിലെ സ്കോട്സ്റ്റൺ സ്റ്റേഡിയത്തിൽ ആവേശകരമായ ഫൈനൽ മത്സരം അരങ്ങേറിയത്. രണ്ടാമത്തെ ശ്രമത്തിൽ ഈ സീസണിലെ മികച്ച പ്രകടനത്തോടെ 85.83 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി ഉറപ്പിച്ചത്. ആദ്യ ശ്രമത്തിൽ 80.97 മീറ്ററും മൂന്നാം ശ്രമത്തിൽ 81.29 മീറ്ററും നാലാം ശ്രമത്തിൽ 80.73 മീറ്ററുമാണ് നീരജ് എറിഞ്ഞത്. നീരജിന്റെ കരിയറിലെ രണ്ടാമത്തെ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്. 2018 ലെ ഗോൾഡ് കോസ്റ്റ് ഗെയിംസിൽ സ്വർണം നേടിയിരുന്നു.
രാജസ്ഥാനിൽ നിന്നുള്ള 25കാരനായ യഷ്‌വീർ സിംഗ്
അവസാന ശ്രമത്തിൽ 85.41 മീറ്റർ എറിഞ്ഞാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. അവസാന റൗണ്ടിന് മുൻപ് എട്ടാം സ്ഥാനത്തായിരുന്ന യഷ്‌വീർ സിംഗ് മികച്ച പ്രകടത്തിലൂടെ മൂന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മെഡൽ നേടുന്നത് ഇതാദ്യമായാണ്.
89.75 മീറ്റർ ദൂരം എറിഞ്ഞാണ് ശ്രീലങ്കയുടെ റുമേഷ് തരങ്ക പതിരാഗ സ്വർണ മെഡൽ ഉറപ്പിച്ചത്. 2006ന് ശേഷം കോമൺവെൽത്ത് ഗെയിംസിൽ ശ്രീലങ്ക നേടുന്ന ആദ്യ സ്വർണ മെഡലാണിത്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ പാകിസ്താന്റെ അർഷാദ് നദീമായിരുന്നു മത്സരത്തിൽ നീരജിന് പ്രധാന വെല്ലുവിളിയാകുമെന്ന് കരുതിയിരുന്നത്. എന്നാൽ നദീമിന് ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്താൻ സാധിച്ചില്ല. 77.41 മീറ്റർ മാത്രം എറിഞ്ഞ നദീം ഒമ്പതാം സ്ഥാനത്തായി. ആദ്യ മൂന്ന് റൗണ്ടുകൾക്ക് ശേഷം പുറത്തായി.
ജാവലിൻ ത്രോ മത്സരത്തിൽ പങ്കെടുത്ത മൂന്നാമത്തെ ഇന്ത്യൻ താരമായ രോഹിത് യാദവ് 81.56 മീറ്റർ ദൂരമെറിഞ്ഞ് ഏഴാം സ്ഥാനത്തെത്തി. ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് (83.88 മീറ്റർ) ആണ് നാലാം സ്ഥാനത്ത്. ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ കേഷോൺ വാൽകോട്ട് (82.55 മീറ്റർ) ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു.









0 comments