സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ തുറക്കും

തിരുവനന്തപുരം : ശക്തമായ മഴയെത്തുടർന്ന് നെയ്യാർ ഡാമിലെ ജലനിരപ്പ് മൂന്നാമത്തെ മുന്നറിയിപ്പ് നില കഴിഞ്ഞതിനാൽ ഡാമിന്റെ 4 ഷട്ടറുകളും ഇന്ന് രാവിലെ 7.30ന് 20 സെന്റിമീറ്റർ വീതം (ആകെ 80 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് രാവിലെ 6.30ന് 40 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 200 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മംഗലം ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്ത സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.








0 comments