ജോലിയും ആപ്പിലാക്കി ‘സബ്‌ക ജോബ്’

‘സബ്‌ക ജോബ്’ ആപ്പിന്റെ ലോഗോ മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശിപ്പിച്ചപ്പോൾ
സ്വന്തം ലേഖകൻ
കോഴിക്കോട്
ജോലിയും ജോലിക്കാരെയും തേടി നാടാകെ അലയൽ ഇനി പഴയ കഥ. ഇടനിലക്കാരില്ലാതെ സൗജന്യമായി ജോലി വിരൽത്തുമ്പിലെത്തിക്കാൻ സബ്‌ക ജോബുണ്ട്. കോഴിക്കോട് ആസ്ഥാനമായ എംഫോക്‌സ് സെല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ‘സബ്ക ജോബ്’ആപ്പ് ഒരുക്കിയത്. കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ സഹായത്തിൽ കോട്ടൂളി സ്വദേശിയായ എസ് നൗഷാദും കൊയിലാണ്ടി സ്വദേശിയായ ഷഹനവാസുമാണ് ആപ്പ് സജ്ജമാക്കിയത്. ടാറ്റയിലെ ഉന്നത ജോലി രാജിവച്ചാണ് നൗഷാദ് സ്റ്റാർട്ടപ്പിലേക്കുവന്നത്. തൊഴിൽ അന്വേഷകരും ദാതാക്കളും ആപ്പിൽ രജിസ്‌റ്റർ ചെയ്യുന്നതുവഴി യോജിച്ച തൊഴിലും ജീവനക്കാരെയും കണ്ടെത്താനാകും. രൂപീകരിച്ചിട്ട് ആറ് മാസങ്ങൾക്കകം 240 പേർക്ക് തൊഴിൽ നൽകാനായി. 18,000–-ത്തിലധികം ജോലി ഒഴിവുകളാണ് ആപ്പിൽ പോസ്റ്റുചെയ്‌തത്. 25,000–-ത്തിലധികം തൊഴിലന്വേഷകരും 3000–-ത്തിലേറെ തൊഴിൽ ദാതാക്കളും രജിസ്റ്റർ ചെയ്തു. തൊഴിലിനെക്കുറിച്ചുള്ള വിവരങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകുന്നതിനാൽ തൊഴിൽ ദാതാക്കൾക്കും അന്വേഷകർക്കും പരസ്‌പരം ബന്ധപ്പെടാം. തുടർന്ന് അഭിമുഖമുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. ആപ്പിനുപുറമെ അഭിമുഖം, റിക്രൂട്ട്മെന്റ്, ട്രെയിനിങ് എന്നിവയ്ക്കുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസും ഒരുങ്ങുകയാണ്. ഹൈലൈറ്റ് ബിസിനസ് പാർക്കിൽ കെട്ടിട നിർമാണം പുരോഗമിക്കയാണ്. രജിസ്ട്രേഷൻ സൗജന്യമാണ്. sabkaworld.com വെബ്സൈറ്റിലും സേവനങ്ങൾ ലഭിക്കും. വിദേശ തൊഴിലവസരങ്ങളും ഉടൻ ആപ്പിൽ ലഭ്യമാകും. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ആപ്പിന്റെ ലോഗോ മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശിപ്പിച്ചു.










0 comments