പൊലീസ് എംപ്ലോയീസ് സൊസൈറ്റി
പരാതിയിൽ പൊരുത്തക്കേട്; രാഷ്ട്രീയലക്ഷ്യം പുറത്ത്


സ്വന്തം ലേഖകൻ
Published on May 22, 2026, 01:05 AM | 1 min read
കോഴിക്കോട്
പൊലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യംവച്ച് കേസെടുക്കാനായി നൽകിയ പരാതിയിൽ പൊരുത്തക്കേട്. 2023ൽ എടുത്ത വായ്പയ്ക്ക് ജാമ്യത്തിനായി നൽകിയ സാലറി സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയെന്നാണ് പരാതി. 2021ലാണ് പരാതിക്ക് അടിസ്ഥാനമായ വായ്പയെടുത്തതെന്ന വിവരം മറച്ചുവച്ചാണ് പരാതി. സിറ്റി പൊലീസ് മേധാവിയുടെ ഓഫീസ് ജീവനക്കാരനായ ബിപിൻ 2021 സെപ്തംബർ 31നാണ് 20 ലക്ഷം രൂപ വായ്പയെടുത്തത്. പരാതിക്കാരനായ രജീഷടക്കം മൂന്നുപേരുടെ ശമ്പള സർട്ടിഫിക്കറ്റാണ് ജാമ്യത്തിനായി ഹാജരാക്കിയത്. പിന്നീട് 2021 ഡിസംബർ ഏഴിന് 25 ലക്ഷം രൂപയായി വായ്പ പുതുക്കുകയും ചെയ്തു. ഇൗ ഘട്ടത്തിലും ആദ്യജാമ്യക്കാരുടെ ശമ്പള സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. വായ്പയെടുത്തയാൾ ആദ്യഘട്ടത്തിൽ വായ്പ കൃത്യമായി തിരിച്ചടച്ചിരുന്നു. തിരിച്ചടവിൽ വീഴ്ച വന്നതോടെ ജാമ്യക്കാർക്ക് സഹകരണ സംഘം നോട്ടീസ് അയച്ചതോടെയാണ് ജാമ്യക്കാരൻ പരാതിയുമായി സിറ്റി പൊലീസ് മേധാവിയടക്കമുള്ളവരെ സമീപിച്ചത്. മുൻ സിറ്റി പൊലീസ് മേധാവി പ്രസിഡന്റും മുൻ അഡ്‌മിനിസ്ട്രേഷൻ അസി. കമീഷണർ വൈസ് പ്രസിഡന്റുമായിരിക്കവെയാണ് വായ്പ അനുവദിച്ചത്. തെരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎഫ് അനുകൂല അസോസിയേഷൻ നേതാവും വായ്പ അനുവദിക്കുന്ന യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇവരെ ഒഴിവാക്കി കേസെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരാതിയിൽ 2023 എന്ന് രേഖപ്പെടുത്തിയത്. അതേസമയം, കേസിനെ നിയമപരമായി നേരിടാനാണ് ഭരണസമിതിയുടെ ശ്രമം. നിയമരപരമായ നപടികൾക്ക് കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗം അനുമതി നൽകി. ഹൈ ക്കോടതിയെ സമീപിക്കാനാണ് ഭരണസമിതിയുടെ ശ്രമം.










0 comments