ബജറ്റ് നാളെ
പ്രതീക്ഷയോടെ ജില്ല

ബജറ്റ് നാളെ
കോഴിക്കോട്
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ പ്രതീക്ഷയോടെ ജില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും വേഗം കൂട്ടാനാവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും.
ബേപ്പൂർ തുറമുഖ വികസനം സാധ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. പുതിയ ഐടി പാർക്കും മെട്രോയുമടക്കം ജില്ലയ്ക്ക് വേണ്ടത്ര പരിഗണനയുണ്ടാകുമെന്ന പ്രഖ്യാപനം നയപ്രഖ്യാപനത്തിലുണ്ടായിരുന്നു.
മത്സ്യബന്ധന മേഖലയിലും വിനോദസഞ്ചാര മേഖലയിലുമെല്ലാം വലിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചേക്കും.
പേരാമ്പ്ര പോളി ടെക്നിക്കടക്കം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തുമെന്ന പ്രതീക്ഷ ജില്ലയ്‌ക്കുണ്ട്. നിരവധി പദ്ധതി നിർദേശങ്ങൾ ജില്ലയിൽനിന്നുള്ള എംഎൽഎമാർ നൽകിയിട്ടുണ്ട്. രാഷ്ട്രീയ വിമർശനത്തിനപ്പുറം മണ്ഡലത്തിന് ഒന്നും കിട്ടിയില്ലെന്ന പരാതി പ്രതിപക്ഷ എംഎൽഎമാർക്ക് പോലും ഉയർത്താനായിട്ടില്ല. ഇക്കുറിയും നല്ല പരിഗണന കിട്ടുമെന്ന പ്രതീക്ഷ അവർക്കുമുണ്ട്.
റോഡുകൾ ഭൂരിഭാഗവും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. ശേഷിക്കുന്നവയും അതേ നിലവാരത്തിൽ എത്തിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിനാവശ്യമായ ഫണ്ടും ബജറ്റ് ലഭ്യമാക്കിയേക്കും.
കാപ്പാട്, കൊയിലാണ്ടി ഹാർബർ, ഷീ ഹോസ്റ്റൽ, ആശുപത്രികളുടെ നവീകരണം, ഡ്രൈനേജുകളുടെ നിർമാണം, സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയവയ്‌ക്ക് തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
കുന്നമംഗലത്തെയും പെരുമണ്ണയെയും ബന്ധിപ്പിക്കുന്ന ബൈപാസ് നിർമാണം, പൂനൂർ പുഴയിൽ കണ്ണങ്കുഴി – വടക്കയിൽ തൂക്കുപാലം, വെള്ളിപറന്പ് – ഉമ്മളത്തൂർ താഴം റോഡ് വീതികൂട്ടൽ, ബേപ്പൂർ തുറമുഖത്തിന്റെയും കിൻഫ്ര പാർക്കിന്റെയും വികസനം, കടലുണ്ടി റെയിൽവേ ഓവർ ബ്രിഡ്‌ജ്, ഗതാഗതക്കുരുക്ക് രൂക്ഷമായ മണാശേരി – അഗസ്‌ത്യമൂഴി ജങ്‌ഷൻ വികസനം, ഇൗങ്ങാപ്പുഴ–കക്കാട്–മാപ്പിളപറന്പ് റോഡ് നിർമാണം, കാരശേരി പഞ്ചായത്ത് സ്‌റ്റേഡിയം, എൻജിഒ ക്വാർട്ടേഴ്‌സ് മാസ്‌റ്റർ പ്ലാൻ, കണ്ണാടിക്കൽ സ്‌കൂളിൽ കുട്ടികൾക്ക് നാടക തിയേറ്റർ, വിദ്യാഭ്യാസ കോംപ്ലക്‌സ് രണ്ടാം ഘട്ടം, മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം, ഉമ്മളത്തൂർ–പാലാഴി റോഡ് വീതി കൂട്ടൽ തുടങ്ങിയ ഒട്ടേറെ പദ്ധതികൾക്കാണ് മണ്ഡലങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.










0 comments