തലയെടുപ്പോടെ തലക്കുളത്തൂർ

മന്ത്രി വീണാ ജോർജിൽനിന്ന് ആയുഷ് കായകൽപ്പ പുരസ്കാരം ഏറ്റുവാങ്ങുന്നു
ബൈജു വയലിൽ
Published on Sep 26, 2025, 02:21 AM | 2 min read
തലക്കുളത്തൂർ
ഒരു വിദൂര സ്വപ്‌നമായിരുന്നു വീടെന്നത്. അതിപ്പോൾ യാഥാർഥ്യമായി. തലക്കുളത്തൂർ പഞ്ചായത്ത് 15ാം വാർഡിലെ തെക്കേകുളങ്ങര സുജിത പറയുന്നു. എക്കാലവും ഞങ്ങൾ നന്ദിയോടെ ഓർക്കും. ഇതിലും വലുതെന്താണ് ഒരു പഞ്ചായത്തിന് ഞങ്ങൾക്കൊക്കെ തരാനാവുക. ആ വാക്കുകളിലുണ്ട് എല്ലാം... ഭരണമേറ്റെടുത്തത് മുതൽ തലക്കുളത്തൂർ പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിട്ടത് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും വീടില്ലാത്തവർക്ക് വീടൊരുക്കുന്നതിനുമായിരുന്നു. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ, കാർഷികരംഗങ്ങളിലും വൻ കുതിച്ചുചാട്ടം സൃഷ്ടിച്ചു. ആരോഗ്യരംഗത്ത് നേട്ടമുറപ്പിക്കാൻ ജനകീയ സഹകരണത്തിലൂടെ പഞ്ചായത്തിലാകെ ശുചീകരണ യജ്ഞം നടത്തി. രണ്ട് ആതുരാലയങ്ങളും മികവിന്റെ കേന്ദ്രമാക്കി ഉയർത്തി. സംസ്ഥാനത്തെ മികച്ച സാമൂഹ്യാരോഗ്യകേന്ദ്രത്തിനുള്ള ഈവർഷത്തെ കായകൽപ് അവാർഡ് തലക്കുളത്തൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിനും ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലയിലെ കായകൽപ് അവാർഡ് അണ്ടിക്കോട് ആയുർവേദ ആശുപത്രിക്കും ലഭിച്ചു. തെരുവുകളിൽ വേസ്റ്റ് ബിന്നുകളും മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കി. ശേഖരിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റുകൾ സംസ്‌കരിക്കാൻ അന്നശ്ശേരിയിൽ മാലിന്യം വേർതിരിക്കുന്ന കേന്ദ്രവും സംസ്‌കരണകേന്ദ്രവും സ്ഥാപിച്ചു. ജലാശയങ്ങളെല്ലാം ശുചീകരിച്ചു. വലിച്ചെറിയാനുള്ളതല്ല മാലിന്യം എന്ന മുദ്രാവാക്യം നാടേറ്റെടുത്തു. 34 ഹരിതകർമസേനാംഗങ്ങളാണുള്ളത്. 1715 ടൺ മാലിന്യമാണ് അഞ്ചുവർഷംകൊണ്ട് സംസ്‌കരിച്ചത്. ഇതിനകം നിരവധി അവാർഡുകളും പഞ്ചായത്തിനെ തേടിയെത്തി. ജലാശയങ്ങൾ മാലിന്യമുക്തം ജലാശയങ്ങളിൽ പ്ലാസ്റ്റിക് നിറഞ്ഞപ്പോൾ ജനങ്ങളുടെ സഹകരണത്തോടെ അവയെല്ലാം മാലിന്യമുക്തമാക്കി. അന്നശ്ശേരി തോട്, പട്ടർപാലം തോട്, അത്യാർതോട്, തൈരാടത്ത് താഴം തോട്, ചെന്തോട് പാലം തോട്, പാലാഴി തോട് തുടങ്ങിയവയെല്ലാം മാലിന്യമുക്തമായി. പൂനുർപുഴയും മാലിന്യരഹിതമാക്കി. വ്യാപാരികളുടെ സഹകരണത്തോടെ കവലകൾ പൊൻപുലരി പദ്ധതിയിൽപ്പെടുത്തി ശുചീകരിച്ചു. എല്ലാ കവലകളിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. മാലിന്യ സംസ്‌കരണത്തിൽ ചേളന്നൂർ ബ്ലോക്കിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു. കാർഷികരംഗത്ത് അഭിമാനനേട്ടം ജൈവ പച്ചക്കറികൃഷിയിൽ അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്. തെങ്ങുകർഷകർക്ക് മികച്ച പ്രോത്സാഹനം നൽകി. പ്രതിവർഷം ആയിരം ടൺ പച്ചക്കറികളാണ് ഉൽപ്പാദിപ്പിക്കുന്നത്. പാടത്തും വീട്ടുമുറ്റങ്ങളിലുമായി 80 ഹെക്ടർ സ്ഥലത്താണ് കൃഷിചെയ്യുന്നത്. ഹൈബ്രിഡ് വിത്തുകളും നൽകുന്നു. കരിമീനും കൂടും, പടുതാകൃഷി, മുറ്റത്തൊരു മീൻതോട്ടം പദ്ധതികളിലൂടെ പ്രദേശത്തിന്റെ ഭൂമിശാസ്‌ത്ര സവിശേഷത ഉപയോഗപ്പെടുത്തി മത്സ്യ കൃഷി വ്യാപിപ്പിച്ചു. മത്സ്യകൃഷിക്കും വള്ളവും വലയും മറ്റും വാങ്ങുന്നതിനും ഫണ്ട് വകയിരുത്തി. അക്വാ ടൂറിസം മത്സ്യസഞ്ചാരി പദ്ധതിയും മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളും സൗജന്യമായി നൽകി. ഇനി അതിദരിദ്രരില്ല തലക്കുളത്തുർ പഞ്ചായത്തിലെ അവശേഷിക്കുന്ന 40 അതിദരിദ്ര കുടുംബങ്ങളെ കൈപിടിച്ചുയർത്താനുള്ള പ്രവർത്തനം പൂർണമായി. ഭക്ഷണക്കിറ്റുകൾ വീടുകളിൽ ലഭ്യമാക്കി. ലൈഫ് ഭവന നിർമാണ പദ്ധതിയിൽ വീടുകളും വരുമാന മാർഗം കണ്ടെത്താൻ സ്വയം തൊഴിൽ പദ്ധതികളും അവിഷ്‌കരിച്ചു. ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ മരുന്നുകൾ വീടുകളിലെത്തിക്കുന്നു.









0 comments