ad
Deshabhimani

എബിസി പദ്ധതി എത്രമാത്രം ഫലപ്രദമെന്നറിയാം

തെരുവുനായ്‌ക്കളുടെ 
‘തലയെണ്ണൽ’ ഇന്നുമുതൽ

എട്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം കോർപറേഷൻ വീണ്ടും  നഗരത്തിലെ തെരുവുനായ്‌ക്കളുടെ എണ്ണമെടുക്കുന്നു.
വെബ് ഡെസ്ക്

Published on Feb 17, 2026, 01:12 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട്‌ എട്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം കോർപറേഷൻ വീണ്ടും നഗരത്തിലെ തെരുവുനായ്‌ക്കളുടെ എണ്ണമെടുക്കുന്നു. ചൊവ്വാഴ്‌ച പുലർച്ചെ അഞ്ചര മുതൽ തെരഞ്ഞെടുത്ത വാർഡുകളിൽ റീ സർവേക്ക്‌ തുടക്കമാവും. തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികൾ ചർച്ചചെയ്യാനും എബിസി (അനിമൽ ബർത്ത്‌ കൺട്രോൾ) പദ്ധതിയുടെ ഫലപ്രാപ്‌തി വിലയിരുത്താനുമാണ്‌ റീ സർവേ. പൂക്കോട് വെറ്ററിനറി കോളേജിലെ 65 എൻഎസ്‌എസ്‌ വിദ്യാർഥികളാണ്‌ സർവേ നടത്തുക. 2018ലായിരുന്നു കോർപറേഷൻ വെറ്ററിനറി വിഭാഗം നേതൃത്വത്തിൽ ആദ്യ സർവേ. ഇതിൽ 13,182 നായ്‌ക്കളെയാണ്‌ തെരുവിൽ കണ്ടെത്തിയത്‌. ഒരു വർഷത്തിനുശേഷം വന്ധ്യംകരണത്തിന്‌ പൂളക്കടവിൽ എബിസി ആശുപത്രി തുടങ്ങി. ഇതിനകം 15,500 നായ്‌ക്കളെ വന്ധ്യംകരിച്ചു. ആദ്യ സർവേയിലെ എണ്ണം കണക്കാക്കുകയാണെങ്കിൽ എട്ടുവർഷത്തിന്‌ ശേഷം നായ്‌ക്കളുടെ എണ്ണം ലക്ഷങ്ങളായി വർധിക്കേണ്ടതാണ്‌. വന്ധ്യംകരണം നടത്തിയതിലൂടെ ഇത്‌ എത്രയായി കുറയ്‌ക്കാനായി എന്നും സർവേയിലൂടെ കണ്ടെത്താനാവും. 28 വാർഡുകളിലാണ്‌ റീ സർവേ. നഗരത്തിലെ മൊത്തം നായ്‌ക്കളുടെ കണക്ക്‌ ഇതുപയോഗിച്ച്‌ രൂപപ്പെടുത്താനാകും. പുലർച്ചെ ഓട്ടോറിക്ഷയിൽ ഓരോ ഗ്രൂപ്പുകളായി പോവുന്ന സംഘം നായ്‌ക്കളുടെ ഫോട്ടോയും എണ്ണവും പ്രത്യേക ആപ്പിൽ രേഖപ്പെടുത്തും. മൂന്നുദിവസമാണ്‌ വാർഡുകളിൽ എത്തുക. ഒരാഴ്‌ചക്കകം നടപടികൾ പൂർത്തിയാക്കും. ഇതോടൊപ്പം സ്‌കൂൾ കുട്ടികൾക്കും കോർപറേഷൻ ക‍ൗൺസിലർമാർക്കും ബോധവൽക്കരണ ക്ലാസ്‌ നൽകും. സർവേയിലെ നായ്‌ക്കളുടെ എണ്ണം അടിസ്ഥാനമാക്കി നിലവിലെ എബിസി പദ്ധതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, മറ്റ്‌ ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങൾ കോർപറേഷൻ തീരുമാനിക്കും. തെരുവുനായ്‌ക്കളെ പാർപ്പിക്കാൻ ഡോഗ്‌ പാർക്ക്‌ ഒരുക്കാനും കോർപറേഷൻ ആലോചിക്കുന്നുണ്ട്‌. സർവേ അടിസ്ഥാനപ്പെടുത്തിയാവും അത്തരം കാര്യങ്ങൾ നടപ്പാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home