ad
Deshabhimani

ഹാര്‍ബറിലെ കൊലപാതകം: പ്രതി ആലപ്പുഴയില്‍ പിടിയില്‍

പ്രതി ജോസ്

പ്രതി ജോസ്

വെബ് ഡെസ്ക്

Published on May 29, 2025, 12:22 AM | 1 min read


കോഴിക്കോട്\ഫറോക്ക്‌

ബേപ്പൂർ ഫിഷിങ് ഹാർബറിലെ വലത്തൊഴിലാളി കൊല്ലം ഇരവിപുരം പുത്തനാഴികം തോപ്പ് തെക്കുംഭാഗം നിത്യസഹായ മാതാപള്ളിക്ക് സമീപം സോളമനെ (64) കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ആലപ്പുഴയിൽ‌നിന്ന്‌ പിടികൂടി. കൊല്ലം വാടിക്കൽ മുദാക്കര ജോസിനെ(മാന്വൽ – 35)യാണ് ബുധൻ രാവിലെ പൊലീസ് പിടികൂടിയത്. പുന്നപ്രയിലെ ബന്ധുവീട്ടിൽനിന്ന് തൂത്തുക്കുടിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫറോക്ക് എസിപി എ എം സിദ്ദീഖിന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡും ബേപ്പൂർ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി ഏഴോടെ കോഴിക്കോട്ടെത്തിച്ചു. വ്യാഴാഴ്ച ഇയാളുമായി സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നുമെന്ന് സിറ്റി അസി. കമീഷണർ അരുൺ കെ പവിത്രൻ പറഞ്ഞു.

കൊല്ലപ്പെട്ട സോളമനും ജോസും ഒരു ജില്ലക്കാരായിരുന്നെങ്കിലും മുൻപരിചയമില്ലായിരുന്നു. സംഭവ ദിവസമാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. ഹാർബറിൽ ഒന്നരമാസത്തോളം ജോലിയെടുത്ത ജോസിന്റെ കൂലി ലഭിച്ചതും ആ ദിവസമായിരുന്നു. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മുൻവൈരാ​ഗ്യമുള്ളതായി സൂചനയില്ല. അതേസമയം മദ്യപിച്ചു കഴിഞ്ഞാൽ ജോസ് അക്രമാസക്തനാണെന്ന് പൊലീസ് പറഞ്ഞു.

23ന് പുലർച്ചെ രണ്ടിന് ബേപ്പൂർ ത്രീ സ്റ്റാർ ലോഡ്ജിലായിരുന്നു കൊലപാതകം. ജോസിന്റെ സുഹൃത്ത് അനീഷ് വാടകയ്ക്ക് എടുത്ത മുറിയിലായിരുന്നു ഇരുവരും മദ്യപിച്ചത്. ക‍ൃത്യം നടത്തി പുലർച്ചെ നാലോടെ ഇയാൾ ആലപ്പുഴയിലേക്ക് ട്രെയിൻ കയറി. പിന്നീട് കൊല്ലം, കായംകുളം, കന്യാകുമാരി, തിരുവനന്തപുരം, കുരീപ്പുഴ, പുന്നപ്ര എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. ഇതിനിടയിൽ കായംകുളത്തുവച്ച് പ്രതി മറ്റൊരാളുടെ ഫോണിൽനിന്ന്‌ അമ്മയെ വിളിച്ചിരുന്നു. അത് നിർണായകമായി. സ്ഥലത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home