പാലങ്ങളുടെ നിർമാണം പ്രവൃത്തി ഉദ്ഘാടനം നാളെ

കളിയാംവള്ളി പാലത്തിന്റെ രേഖാചിത്രം
നാദാപുരം വടകര- മാഹി ജലപാതയിൽ എടച്ചേരി പഞ്ചായത്തിലെ കളിയാംവള്ളി, തയ്യിൽ പാലങ്ങളുടെ നിർമാണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുമെന്ന് ഇ കെ വിജയൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എടച്ചേരി കമ്യൂണിറ്റി ഹാളിൽ വെള്ളി വൈകിട്ട് 4നാണ് ചടങ്ങ്. വടകര മാഹി കനാലിന്റെ നാലാം റീച്ചിൽ ഉൾപ്പെടുന്ന കളിയാംവള്ളി പാലത്തിന്റെ ഇരുഭാഗത്തും ജലപാത നിർമാണം പൂർത്തിയായിരുന്നു. ജലഗതാഗതത്തിന് തടസ്സമായതിനാൽ നിലവിലുള്ള പാലം പൊളിച്ച് അതേസ്ഥലത്ത് ദേശീയ ജലപാത മാനദണ്ഡം അനുസരിച്ച് ആധുനിക ആർച്ച് പാലമാണ് നിർമിക്കുക. നബാർഡ് സ്കീമിൽ 32.86 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണ കരാർ ഊരാളുങ്കൽ സൊസൈറ്റിക്കാണ്.വടകര മാഹി കനാൽ അഞ്ചാം റീച്ചിൽ ഉൾപ്പെടുന്ന തയ്യിൽ പാലത്തിന് നബാർഡ് സ്കീമിൽ 42.02 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇവിടെ നിലവിലുണ്ടായിരുന്ന ഫുട് ബ്രിഡ്ജിന് സമീപമാണ് പുതിയ പാലം നിർമിക്കുന്നത്. എംഎസ് ബിൽഡേഴ്‌സ് കാസർകോടിനാണ് പാലത്തിന്റെ നിർമാണ കരാർ. നാദാപുരം, വടകര നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളുടെ സ്വപ്നമായ ഈ രണ്ടുപാലങ്ങളും സമീപ പ്രദേശങ്ങളുടെ വികസനത്തിന് വഴി തെളിക്കുമെന്ന് എംഎൽഎ പറഞ്ഞു. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോപാലൻ, വൈസ് പ്രസിഡന്റ് കെ പി അശ്വിനി, ടി പ്രകാശൻ, രാമചന്ദ്രൻ പുതിയോട്ടിൽ, കളത്തിൽ സുരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments