ഓർമ മധുരമായി ‘പഴുത്ത മാമ്പഴം’

സ്വന്തം ലേഖകൻ കോഴിക്കോട് തൊടിയിലെ തൈമാവിൽനിന്ന് മാമ്പഴം വീണതുകേട്ട് ഓടിച്ചെന്ന സുഹ്റയെയും കണ്ണുരുട്ടി പേടിപ്പിച്ചും പിന്നെ മാവിൽ വലിഞ്ഞുകേറി മിശറുകടി കൊണ്ട മജീദിനെയും പാത്തുമ്മയുടെ ആടിനെയും ആളും ബഹളവുമുള്ള വീടുമൊന്നും മലയാളിയുള്ളിടത്തോളം മലയാളക്കര മറക്കില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര കഥാപാത്രങ്ങൾ ‘പഴുത്ത മാമ്പഴ’ത്തിലൂടെ ഒരിക്കൽക്കൂടി വേദിയിലെത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് യുആർസിയും ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്നാണ് ബാല്യകാല സഖി നാടകത്തിന്റെ സ്വതന്ത്രാവിഷ്കാരമായി ‘പഴുത്ത മാമ്പഴം’ അവതരിപ്പിച്ചത്. ബഷീറിന് പുറമെ പാത്തുമ്മയായി മൂന്ന് കുട്ടികളാണ് വേഷമിട്ടത്. ഒറ്റക്കണ്ണനും സാറാമ്മയും ആനവാരി രാമൻനായരും എട്ടുകാലി മമ്മൂഞ്ഞും സൈനബയും പൊൻകുരിശ് തോമയും മണ്ടൻ മുത്തപ്പയുമെല്ലാം നാടകത്തിലുണ്ടായിരുന്നു. ഒപ്പം നായികയായി പാത്തുമ്മയുടെ ആടും. സാമ്പ്രദായിക നാടകത്തിൽനിന്ന് വ്യത്യസ്തമായി പാത്തുമ്മയുടെ ആടുമായി കഥാപാത്രങ്ങൾ ക്ലാസുകളിലേക്ക് കടന്നുചെന്നു. അവരുമായി സംവദിച്ചു. വിദ്യാർഥികളായ വൈഗ ശിവ ചൈതന്യ, റിൻസാ ഹാഷിം, ഗിസ്വ റിയാസ്, ഹവ്വ മറിയം, ഷീസ് മുഹമ്മദ്, മുഹമ്മദ് റിസ്വാൻ, എൻ പി നിഹാൽ, മുഹമ്മദ് ഇഷാൻ, അനുരംഗ് അഞ്ജിത്, അശ്വന്ത് എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. യുആർസി ട്രെയിനർ ടി ദീപേഷ് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ആർ അജി അധ്യക്ഷനായി. ശ്യാമള കാരങ്ങാട്, രശ്‌മിപ്രിയ തോമസ് എന്നിവർ സംസാരിച്ചു.










0 comments