ബാഗുകൾ നിറയെ 
ജീവിതസ്വപ്നങ്ങൾ

ഫ്രണ്ട്‌സ്‌ ബാഗ് നിർമാണ യൂണിറ്റിലെ വനിതകൾ

ഫ്രണ്ട്‌സ്‌ ബാഗ് നിർമാണ യൂണിറ്റിലെ വനിതകൾ

avatar
ഉണ്ണി ഈന്താട്

Published on Mar 10, 2025, 02:25 AM | 1 min read

കക്കോടി

ഒരുമിച്ചിരുന്ന്‌ ജീവിതം നെയ്യുകയാണ്‌ ഈ വനിതകൾ. ഇവർ നിർമിക്കുന്ന ബാഗുകളിൽ നിറയെ ഇവരുടെ ജീവിത സ്വപ്നങ്ങളും. വനിതകളുടെ കൂട്ടായ്‌മയിൽ പിറവിയെടുത്ത ഈ തൊഴിൽ സംരംഭം വിജയകരമായ 20-ാം വർഷത്തിലേക്ക് കടക്കുകയാണ്. നന്മണ്ട 13ലെ പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തെ "ഫ്രണ്ട്‌സ്‌ -ബാഗ് നിർമാണ യൂണിറ്റ്' ഇവർക്ക്‌ നൽകിയത്‌ സ്വയംപര്യാപ്തമാകാനുള്ള കരുത്തും ആത്മവിശ്വാസവും കൂടിയാണ്. മലബാർ ഹെൽത്ത് കെയർ സൊസൈറ്റിയുടെ കീഴിൽ 10 വനിതകൾ ബാഗ്‌ നിർമാണത്തിൽ പരിശീലനം നേടിക്കൊണ്ടാണ്‌ തുടങ്ങിയത്‌. പിന്നെ ഓരോ അംഗങ്ങളും കുടുംബശ്രീയിൽനിന്ന് 1000 രൂപ വീതം വായ്പയെടുത്ത് 10,000 രൂപ മുതൽമുടക്കിൽ നന്മണ്ടയിൽ യൂണിറ്റ് തുറന്നു. ജില്ലാ മിഷനിൽനിന്ന് സബ്‌സിഡിയോടുകൂടി ഒരു ലക്ഷം രൂപ വായ്പയും ലഭിച്ചു. കോവിഡ് കാലത്തും നിപായുടെ കാലത്തും സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ ഇവർക്ക് കഴിഞ്ഞു. കുട, ബിഗ്ഷോപ്പർ ബാഗുകൾ, തുണിസഞ്ചി എന്നിവയും നിർമിക്കുന്നുണ്ട്‌. ബാഗ് നിർമാണത്തിലും കുട നിർമാണത്തിലുമുള്ള പരിശീലനവും ഇവർ നൽകുന്നു. ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും കാൻസർ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും ഇവർ കുടനിർമാണത്തിൽ പരിശീലനം നൽകുന്നുണ്ട്‌. ചേളന്നൂർ, നന്മണ്ട പഞ്ചായത്തുകളിലെ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾക്കും പരിശീലനം നൽകുന്നു. മേപ്പയ്യൂർ, കാരശേരി പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളിലെ വനിതകൾക്കും ഇവരുടെ പരിശീലനം കിട്ടിയിട്ടുണ്ട്. വൻകിട കമ്പനികളുമായുള്ള മത്സരവും ഓൺലൈൻ വ്യാപാരവുമാണ് ഇവർക്ക് വെല്ലുവിളിയായുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ പഠനസംഘങ്ങൾ ഇവരുടെ യൂണിറ്റ് സന്ദർശിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെയും സിഡിഎസിന്റെയും പൂർണ പിന്തുണയാണ് കുടുംബശ്രീ പ്രവർത്തകർ കൂടിയായ ഈ വനിതകൾക്ക് കരുതലും കരുത്തുമാകുന്നത്. കൂട്ടായ്‌മയുടെ പ്രസിഡന്റ്‌ പ്രീതാകുമാരിയും സെക്രട്ടറി കെ ലീല ചെറുവറ്റയുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home