റിപ്പബ്ലിക് ദിനത്തിൽ മന്ത്രി പതാക ഉയർത്തി
ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാനുള്ള ശ്രമം രാജ്യത്തെ പിന്നോട്ടടിപ്പിക്കും: മന്ത്രി റിയാസ്

വെസ്റ്റ്ഹില്‍ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് വിവിധ സേനകളുടെ പരേഡ് പരിശോധിക്കുന്നു
കോഴിക്കോട്
ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാനും നിരാകരിക്കാനുമുള്ള ഏത് ശ്രമവും നമ്മെ പിന്നോട്ടടിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ 77ാം റിപ്പബ്ലിക് ദിനത്തില്‍ പതാകയുയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകണം. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുമ്പോഴാണ് രാജ്യം വികസിക്കുക. മനുഷ്യനെ വിഭജിക്കുന്ന എല്ലാ ശ്രമങ്ങളെയും ഭരണഘടന എതിര്‍ക്കുന്നു. എല്ലാ വൈജാത്യങ്ങള്‍ക്കും അതീതമായി ഇന്ത്യക്കാരായി നാം നിലനില്‍ക്കുന്നത് ഭരണഘടനയിലുള്ള ഇന്ത്യയെന്ന സത്തയെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ്. ഭരണഘടനയുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കാന്‍ അചഞ്ചലരായി, ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശീയ പതാക ഉയര്‍ത്തിയശേഷം മന്ത്രി തുറന്ന ജീപ്പില്‍ സഞ്ചരിച്ച് പ്ലാറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു. മാവൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശ് ആയിരുന്നു പരേഡ് കമാന്‍ഡര്‍. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എസ്ഐ കെ സുജിത്ത് കുമാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. പരേഡില്‍ പൊലീസ്, സായുധ റിസര്‍വ് പൊലീസ്, വനിതാ പൊലീസ് തുടങ്ങിയവ ഉള്‍പ്പെടെ 20 പ്ലാറ്റൂണുകള്‍ അണിനിരന്നു. എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരേഡില്‍ സേനാ വിഭാഗത്തില്‍ റൂറല്‍ ജില്ലാ ആസ്ഥാനത്തെ എം കെ വിവേകന്‍ നയിച്ച പൊലീസ് പ്ലാറ്റൂണും വിദ്യാര്‍ഥി വിഭാഗത്തില്‍ കെ ദയാകൃഷ്ണ നയിച്ച മാവൂര്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് ടീമും ഒന്നാം സ്ഥാനം നേടി. കേന്ദ്രീയ വിദ്യാലയത്തിലെയും പ്രൊവിഡന്‍സ് എച്ച്എസ്എസിലെയും വിദ്യാര്‍ഥിനികളുടെ ദേശഭക്തി ഗാനാലാപനവും സെന്റ് വിന്‍സന്റ് ഗേള്‍സ് എച്ച്എസ്എസ് വിദ്യാര്‍ഥിനികളുടെ സംഘനൃത്തവും അരങ്ങേറി.










0 comments