രക്ത സാമ്പിൾ ശേഖരണം
ആശങ്കയിൽ നഴ്‌സുമാർ

കോഴിക്കോട്
ആശുപത്രികളിലെ രക്ത സാമ്പിൾ ശേഖരണം നഴ്‌സുമാരുടെ ഉത്തരവാദിത്തമാക്കിയുള്ള സർക്കാർ ഉത്തരവിൽ നഴ്‌സുമാർ ആശങ്കയിൽ. ജില്ലയിൽ 1500ഓളം സ്‌റ്റാഫ് നഴ്‌സുമാരും അത്രത്തോളം തന്നെ താൽക്കാലിക നഴ്‌സുമാരുമാണുള്ളത്. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിലെ വാർഡുകളിൽ ഒരുനഴ്‌സിന് ഏകദേശം അറുപതോളം രോഗികളുടെ പരിചരണവും അനുബന്ധകാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരുന്നു. ഇതിനിടെ, മുമ്പ് ലാബ് ടെക്‌നീഷ്യൻമാർ ചെയ്തിരുന്ന രക്ത പരിശോധനകൂടി ചെയ്യുമ്പോൾ അമിത ജോലിഭാരത്തിനൊപ്പം രോഗികളുടെ പരിചരണത്തിലും വീഴ്‌ചവരുമെന്നതാണ് പ്രധാന ആശങ്ക. നിലവിൽ ആവശ്യത്തിന് നഴ്‌സുമാരില്ലാതെയാണ് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നത്. വാർഡുകളിൽ അഡ്‌മിറ്റാവുന്ന മിക്ക രോഗികൾക്കും രക്ത പരിശോധന അനിവാര്യമാണ്. ദിവസവും ഒന്നിലധികം തവണ വേണ്ടിവരികയും ചെയ്യും. ഇത്തരം പ്രായോഗിക പ്രശ്നങ്ങൾ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് നഴ്‌സുമാർ പറഞ്ഞു. 2004 മുതൽ നിലവിലുള്ള വിവിധ വിഭാഗം ജീവനക്കാരുടെ ജോലിയും ഉത്തരവാദിത്തവും സംബന്ധിച്ചുള്ള സർക്കാർ ഉത്തരവിൽ കൃത്യമായി ലാബ് ടെക്‌നീഷ്യൻമാരുടെ ചുമതലകൾ എന്തെല്ലാമെന്നും നഴ്‌സുമാരുടേത് എന്തെല്ലാമെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അട്ടിമറിച്ചാണ് രാഷ്‌ട്രീയ താൽപ്പര്യപ്രകാരം സർക്കാർ ഏകപക്ഷീയമായ ഉത്തരവിറക്കിയതെന്ന് കെജിഎൻഎ ജില്ലാ സെക്രട്ടറി പി പ്രജിത്ത് പറഞ്ഞു. ജീവനക്കാരുടെ സർവീസ് സംഘടനകളുമായി കൂടിയാലോചിച്ച് ആരോഗ്യവകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലിയും ഉത്തരവാദിത്തങ്ങളും നിർവചിച്ചുകൊണ്ട് ഇറക്കിയ ഉത്തരവാണ് ചർച്ച കൂടാതെ സർക്കാർ ഏകപക്ഷീയമായി മാറ്റിയത്. കെജിഎൻഎ പ്രതിഷേധിച്ചു രക്ത സാമ്പിൾ ശേഖരണം നഴ്സുമാരിൽ അടിച്ചേൽപ്പിക്കാനുള്ള സർക്കാറിന്റെ ഏകപക്ഷീയ ഉത്തരവിനെതിരെ ജില്ലയിൽ വിവിധ സ്ഥാപനങ്ങളിൽ കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം എ ബിന്ദു, ജില്ലാ സെക്രട്ടറി പി പ്രജിത്ത്, പി റെജിന, ഏരിയാ പ്രസിഡന്റ് ധന്യ മോൾ, ടി ടി വി രേഖ എന്നിവർ സംസാരിച്ചു. ബീച്ച് ആശുപത്രിയിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം എം ആർ പുഷ്പലത ഉദ്ഘാടനം ചെയ്തു. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ജില്ലാ കമ്മിറ്റിയംഗം വി ടി സന്ദീപ് ഉദ്ഘാടനം ചെയ്തു. കോട്ടപറമ്പ് ആശുപത്രിയിൽ ജില്ലാ കമ്മിറ്റി അംഗം പി കെ ലൈലയും ഫറോക്ക് അശുപത്രിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം ഷൈജു മാത്യുവും ഉദ്ഘാടനം ചെയ്തു. ബാലുശേരി താലൂക്ക് ആശുപത്രിയിൽ ജില്ലാ വൈസ് പ്രസിഡന്റ് എ ടി മഹിജയും വടകര ജില്ലാ ആശുപത്രിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം യു ടി ദിവ്യയും നാദാപുരം താലൂക്കാശുപത്രിയിൽ ജില്ലാ കമ്മിറ്റിയംഗം സുലത സുകുമാരനും കുറ്റ്യാടി താലൂക്കാശുപത്രിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം എ ടി അമൃതയും ഉദ്ഘാടനംചെയ്തു.








0 comments