നാളെ ലോക നാളികേര ദിനം
ഭൗമ സൂചിക പദവി കാത്ത് ‘കുറ്റ്യാടി തേങ്ങ’

നെബിൻ കെ ആസാദ്
Published on Sep 01, 2026, 02:15 AM | 2 min read
കോഴിക്കോട്
ഓരോ നാളികേര ദിനം വന്നെത്തുന്പോഴും ഒരുദേശവും അവിടുത്തെ കർഷകരും കാത്തിരിപ്പിലാണ്. കുറ്റ്യാടി തെങ്ങിനും തേങ്ങയ്‌ക്കും ഇനിയെങ്കിലും ഭൗമ സൂചിക പദവി ലഭിക്കുമോ എന്നറിയാൻ. തിരുവനന്തപുരത്ത് സംസ്ഥാന കേരോത്സവം പദ്ധതി ഉദ്‌ഘാടനംചെയ്യുമ്പോൾ കുറ്റ്യാടി തേങ്ങയ്ക്ക് ഭൗമ സൂചിക പദവി ലഭിക്കാൻ പിന്തുണ നൽകുന്ന പദ്ധതികളോ ഇടപെടലുകളോ ഉണ്ടാകുമോയെന്നും കർഷകർ ഉറ്റുനോക്കുകയാണ്. കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമമായ കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളില്‍നിന്നും ഉൽപ്പാദിപ്പിക്കുന്ന ഇൗ തെങ്ങിന്‍ തൈകള്‍ നന്നായി ഫലംതരുന്നതും രോഗപ്രതിരോധശേഷിയുള്ളതുമാണ്. കുറ്റ്യാടി തെങ്ങിന്‍ തൈ ആവശ്യപ്പെട്ട് സംസ്ഥാനത്തിന് പുറത്തുനിന്ന് വരെ ആളുകളെത്തുന്നു. കാവിലുംപാറ പഞ്ചായത്തിന്റെയും കാർഷിക സർവകലാശാലയുടെയും നേതൃത്വത്തിൽ ഭൗമ സൂചിക പദവി (ജിഐ ടാഗ്) ലഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് നാല് വർഷമായി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഇതിനുള്ള പിന്തുണ നൽകുകയും ചെയ്‌തിരുന്നു. സർക്കാർതലത്തിൽ ഇടപെടലുണ്ടായാലേ പദവി ലഭ്യമാകൂ. അതിനുള്ള ശ്രമം യുഡിഎഫ് സർക്കാരിൽനിന്നുണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം. മരുതോങ്കര, കാവിലുമ്പാറ, കായക്കൊടി പഞ്ചായത്തുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിലാണ് കുറ്റ്യാടി തെങ്ങ് സമൃദ്ധമായി വളരുന്നത്, തമിഴ്‌നാട്ടിലേക്കാണ് കൂടുതലും തേങ്ങ കയറ്റിയയക്കുന്നത്. 180–210 രൂപയാണ് തൈകൾക്ക് വില. ഏഴുവര്‍ഷംകൊണ്ട് തെങ്ങുനിറയെ തേങ്ങ വിളയും. നല്ലരീതിയില്‍ ജലസേചനവും വളപ്രയോഗവും നടത്തിയാല്‍ ഒരുതെങ്ങില്‍നിന്ന് വര്‍ഷം 150 തേങ്ങവരെ ലഭിക്കും. കൈയെത്തും ദൂരത്ത് ഭൗമ സൂചിക പദവി ഒരു ഉൽപ്പന്നത്തിന് ഉത്ഭവസ്ഥാനവുമായി ബന്ധപ്പെട്ട പ്രത്യേകതകൾ കാരണം ലഭിക്കുന്ന അംഗീകാരമാണ് ഭൗമ സൂചിക അംഗീകാരം. സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് കുറ്റ്യാടി തെങ്ങിന്റെ ഭൗമ സൂചിക സാധ്യത ചൂണ്ടിക്കാണിച്ചത്. കാർഷിക സർവകലാശാലയുടെ നിർദേശ പ്രകാരം ആറംഗ കമ്മിറ്റി രൂപീകരിച്ച്, ചരിത്രരേഖകളിൽ കുറ്റ്യാടി തെങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള ഗവേഷണം നടക്കുകയാണ്. കണ്ടെത്താൻ സാധിച്ചാൽ ജിഐ ടാഗ് കിട്ടിയേക്കാം. ദേശീയ–അന്തർദേശീയതലത്തിൽ കുറ്റ്യാടി തേങ്ങ വിപണനം ചെയ്യാൻ ഇത് കർഷകരെ സഹായിക്കും. സവിശേഷതകൾ •മറ്റ് തേങ്ങകളെ അപേക്ഷിച്ച് കുറ്റ്യാടി തേങ്ങയുടെ കൊപ്രയില്‍നിന്ന് 80 ശതമാനംവരെ വെളിച്ചെണ്ണ കിട്ടും. •ഒരു ക്വിന്റല്‍ തേങ്ങ ഉണക്കിയാല്‍ 16മുതല്‍ 17 കിലോവരെ ഉണ്ട കൊപ്ര കിട്ടും •നീര, വെര്‍ജിന്‍ വെളിച്ചെണ്ണ, നീരയില്‍നിന്നുള്ള പഞ്ചസാര, ചോക്ലേറ്റ്, ജാം, വിനാഗിരി, ശര്‍ക്കര തുടങ്ങിയവയുടെ ഉൽപ്പാദനത്തിനും അഭികാമ്യം. •100 വർഷത്തിലേറെ കായ്‌ഫലം നൽകും •ഹൈബ്രിഡ് ഇനങ്ങളെ താരതമ്യംചെയ്യുമ്പോൾ വൃക്ഷം വരൾച്ചയെ പ്രതിരോധിക്കും •കാഠിന്യംകൂടിയ തടിയായതിനാൽ കീടങ്ങളെ പ്രതിരോധിക്കും










0 comments