മാളൂസിൽ ചിരി മായില്ല

നിർമലയും മകൾ പ്രസീതയും 'മാളൂസ്' ഹോട്ടലിൽ
ശ്രീനിവാസൻ ചെറുകുളത്തൂർ
Published on Nov 02, 2025, 01:04 AM | 1 min read
കുന്നമംഗലം
ഇല്ലായ്മകളും ദുരിതങ്ങളും നിറഞ്ഞ സങ്കടക്കടലിൽനിന്ന് ഒരുകൂട്ടം മനുഷ്യരെ കരകയറ്റുക കൂടിയാണ് ഇടതുസർക്കാര്‍. പെരുമണ്ണ പഞ്ചായത്തിലെ ചാലിൽമേത്തൽ നിർമലയുടെ ജീവിതത്തിലും അത്തരത്തിൽ പ്രകാശം പരക്കുകയാണ്. ‘മാളൂസ്' ഹോട്ടലിലിരിക്കുമ്പോൾ തന്റെ പഴയ കാലം ഓർക്കാൻ നിര്‍മല ഇഷ്ടപ്പെടുന്നില്ല. നിർമലയുടെയും മകൾ പ്രസീതയുടെയും മുഖത്ത് വിടരുന്ന സന്തോഷപ്പൂത്തിരിയ്ക്ക് കാരണം അതിദാരിദ്ര്യമുക്ത പദ്ധതിയാണ്. പെരുമണ്ണ പഞ്ചായത്തിലെ കുടുംബത്തിന് ലൈഫ് ഭവനപദ്ധതിയിൽ വീടും ഉപജീവനത്തിനായി കുടുംബശ്രീയിൽ ഉൾപ്പെടുത്തി ഹോട്ടൽ തുടങ്ങാൻ 50,000 രൂപയും ലഭിച്ചു. വീടിന്റെ പ്രവൃത്തി പൂർത്തിയായി. മാളൂസ് ഹോട്ടൽ വിജയകരമായി മുന്നോട്ട് പോകുകയാണ്. 1990ൽ ഭർത്താവ് മരിക്കുന്നതോടെയാണ് മൂന്ന് മക്കളുള്ള കുടുംബത്തിന്റെ ഏക ആശ്രയം നിര്‍മലയായത്. 12 വര്‍ഷങ്ങൾക്കുമുമ്പ്, മകൻ 26-ാം വയസ്സിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ ശസ്ത്രക്രിയ നടത്തി. പിന്നീട് അപസ്മാരം വന്നതിനെ തുടർന്ന് ശരീരത്തിന്റെ ഇടതുഭാഗം തളർന്നും പോയി. ജീവിതം കൈവിട്ടുപോയ നിമിഷത്തിൽനിന്നാണ് നിര്‍മല ദുരിതക്കടൽ താണ്ടിയത്. ഇന്ന് മകളോടൊപ്പം സ്നേഹംനിറച്ച് രുചിക്കൂട്ടുകൾ തയ്യാറാക്കുകയാണ് ഈ അമ്മ മനസ്സ്.











0 comments