പുരസ്‌കാരനിറവിൽ നന്മ പെരുമണ്ണ
അരങ്ങിനെ പൊള്ളിച്ച് തങ്കനാട്ടം

‘തങ്കനാട്ടം’ നാടകത്തിൽനിന്ന്
സ്വന്തം ലേഖകൻ കോഴിക്കോട് താഴ്‌ന്ന ജാതിയിൽപ്പെട്ടവർ എത്ര ഉന്നതങ്ങളിലെത്തിയാലും ഏത് പദവിയിലെത്തിയാലും അവരെ വെറുപ്പോടെയും വിദ്വേഷത്തോടെയും നോക്കുന്ന പൊതുസമൂഹത്തെ വരച്ചുകാട്ടുകയാണ് ‘തങ്കനാട്ടം' എന്ന നാടകം. ജാതീയമായ ദുരഭിമാനം ഉള്ളിൽ പേറുന്ന മനുഷ്യരുടെ നേർക്കാഴ്ച വരച്ചിടുന്ന നാടകത്തിന് ഇത്തവണത്തെ സായിഗ്രാമത്തിന്റെ അമേച്വർ നാടകപുരസ്‌കാരം ലഭിച്ചു. 45 ദിവസങ്ങളിലായി തോന്നയ്ക്കൽ സായിഗ്രാമത്തിൽ നടന്ന നാടകോത്സവത്തിലാണ് നന്മ പെരുമണ്ണ അവതരിപ്പിച്ച ‘തങ്കനാട്ടം' മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ക്ഷേത്രമുറ്റത്ത് ദൈവവേഷം കെട്ടിയാടി ഉപജീവനം നടത്തുന്ന തങ്കൻ എന്ന ആട്ടക്കാരന്റെ മനോവ്യഥകൾക്കു മുന്നിൽ ദൈവംപോലും നിസ്സഹായനാകുന്ന കാഴ്ചയാണ് നാടകത്തിലുള്ളത്. ദൈവത്തെപ്പോലും വെറുതെവിടാൻ മടിക്കാത്തവർ സാധാരണക്കാരെ എങ്ങനെ ജീവിക്കാൻ അനുവദിക്കുമെന്ന ചോദ്യമാണ് ‘തങ്കനാട്ടം' സമുഹത്തിനു മുന്നിൽ ഉയർത്തുന്നതെന്ന് രചനയും സംവിധാനവും നിർവഹിച്ച ഗിരീഷ് കളത്തിൽ പറഞ്ഞു. മധു പന്തീരാങ്കാവ്, പ്രദീപ് ഗോപാൽ, ഗിരീഷ് ഇല്ലത്ത്താഴം, പർവേസ് അലി കെഎംസി, ഉഷ ചന്ദ്രബാബു, പ്രവീൺകുമാർ, അപർണ വിനോദ്, രാമകൃഷ്‌ണൻ, സത്യൻ മേഘ, രാജൻ മുണ്ടുപാലം, രമേഷ്, രാജേഷ്, അരുൺ, മൊയ്‌തീൻ കോയ എന്നിവരാണ് അഭിനേതാക്കൾ. സംഗീതം വിനോദ് നിസരിയും വെളിച്ചം അരുൺ അത്താണിക്കലും ചമയം കെഎംസി പെരുമണ്ണയും വിശ്വനും നിർവഹിച്ചു.








0 comments