നിറങ്ങൾകൊണ്ട് തീർത്തൊരു വിജയച്ചിത്രം

സ്വന്തം ലേഖകൻ കോഴിക്കോട് ചെറിയൊരു കൗതുകത്തിൽ തുടങ്ങിയ വരകൾ ഇന്ന് വിജയത്തിന്റെ വർണച്ചിത്രങ്ങളായി മാറിയിരിക്കുന്നു. ഭാവനയും കഠിനാധ്വാനവും കൈകോർത്തപ്പോൾ ആദിലയുടെ സമ്മാനപ്പെട്ടിയിലെ നേട്ടങ്ങൾക്കും തിളക്കമേറി. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനി ആദില മുഷാദാണ് നിറങ്ങൾകൊണ്ട് വിജയച്ചിത്രം തീർക്കുന്നത്. സംസ്ഥാന ശാസ്ത്രമേളയിൽ പോട്ടറി പെയിന്റിങ്ങിൽ തുടർച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി പാലക്കാട്ടുനിന്ന് മടങ്ങുമ്പോൾ ആദിലയുടെ നേട്ടത്തിന് തിളക്കമേറെയാണ്. യൂട്യൂബ് വീഡിയോകൾ കണ്ടാണ് ആദില ചിത്രരചനയുടെ ലോകത്തേക്ക് ചുവടുവച്ചത്. സഹോദരി ആദിഷയ്ക്കൊപ്പം കോഴിക്കോട് ലളിതകലാ അക്കാദമിയിൽ ചിത്രപ്രദർശനം നടത്തിയതോടെയാണ് ഈ സഹോദരിമാർ ശ്രദ്ധേയരായത്. ശാസ്ത്രമേളയിലെ നേട്ടങ്ങൾക്കൊപ്പം കലോത്സവ വേദികളിലും സജീവമാണ് ആദില. മുക്കത്ത് നടക്കുന്ന ജില്ലാ കലോത്സവത്തിൽ വാട്ടർ കളർ, ഓയിൽ പെയിന്റിങ്, പെൻസിൽ ഡ്രോയിങ് ഇനങ്ങളിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചുകലാകാരി. എന്നാൽ, സമ്മാനങ്ങളും മെഡലുകളും ഒന്നൊന്നായി കൈകളിലെത്തുമ്പോഴും ആദിലയുടെ മനസ്സിൽ പൂർത്തിയാകാത്തൊരു സ്വപ്നമുണ്ട് – സ്വന്തമായൊരു വീട്. നേടിയെടുത്ത മെഡലുകൾ പോലും സൂക്ഷിക്കാൻ ഇടമില്ലാത്ത ഒറ്റമുറി വാടകവീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. ആ ചെറിയ മുറിയുടെ പരിമിതികൾക്കുള്ളിൽനിന്നാണ് ആദില നിറങ്ങളുടെ വിശാലമായ ലോകത്തേക്ക് സ്വപ്നങ്ങൾ പടർത്തിയത്. ഓരോ സമ്മാനവും വിജയത്തിന്റെ അടയാളമാകുമ്പോൾ, സ്വന്തമായൊരു വീടെന്ന ആഗ്രഹം മാത്രം ഇപ്പോഴും അകലെയാണ്.







0 comments