ഓർക്കിഡ് കൃഷിയിൽ ജിജിയുടെ വിജയഗാഥ

എ അഭിലാഷ്
Published on Nov 24, 2026, 02:09 AM | 1 min read
എഴുകോൺ
എവിടെ തിരിഞ്ഞുനോക്കിയാലും അവിടെല്ലാം പൂത്ത ഓർക്കിഡുകൾ...' എഴുകോൺ പോച്ചംകോണം തിരുവാതിര വീട്ടിലേക്ക് കടന്നുചെന്നാൽ ഇതാണവസ്ഥ. സൂചി കുത്താനിടമില്ലാത്ത നിലയിൽ മട്ടുപ്പാവിലും മതിലിലും മുറ്റത്തും ചുറ്റുമെല്ലാം ബഹുവർണ ഓർക്കിഡുകൾ നിറഞ്ഞ വീട്. ഒപ്പം കൂട്ടിന് അവിടവിടായി ആന്തൂറിയവും അഡീനിയവും. 10വർഷമായി ഈ പൂന്തോട്ട വീട്ടിലിരുന്ന് വിജയഗാഥ രചിക്കുകയാണ് സി ജിജി എന്ന ഗൃഹനാഥ. പൂക്കളോടും ചെടികളോടും കുട്ടിക്കാലത്ത് തോന്നിയ ഇഷ്ടമാണ് ഇന്നത്തെ ഓർക്കിഡ് കർഷക ജിജിയെ പരുവപ്പെടുത്തിയത്. വീടിന്റെ മട്ടുപ്പാവിൽ പത്തുമണിച്ചെടി നട്ടാണ് കൃഷിയിലേക്ക് കടക്കുന്നത്. 150 ഇനം പത്തുമണി ചെടികൾ കൃഷിചെയ്തു. ആകർഷകമായ ചെടികൾ തേടി ആളുകൾ എത്തിയതോടെ വരുമാന മാർഗമാക്കി മാറ്റാമെന്ന ചിന്തയായി. തുടർന്ന് സമീപമുള്ള മറ്റൊരു വീടിന്റെ മുറ്റവും മട്ടുപ്പാവും വാടകയ്ക്ക് എടുത്ത് ഗ്രോ ബാഗിലും മറ്റും കൃഷി തുടങ്ങി. വൻതോതിൽ ഓർക്കിഡും ഒപ്പം ആന്തൂറിയം, അഡീനിയവും നട്ടു. ഇന്നിപ്പോൾ ലോകോത്തരങ്ങളായ 200ൽ അധികം ഓർക്കിഡ് വൈവിധ്യങ്ങൾ തോട്ടത്തിലുണ്ട്. പരിപാലിക്കാൻ എളുപ്പമുള്ളതും മനോഹര പൂക്കളുള്ളതുമായ ഡെൻഡ്രോബിയം, മുന്തിയ ഇനമായ വാന്റ, മൂക്കാറ, ഫെലനോസിസ് എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. 'തിരുവാതിര ഗാർഡൻസ്' എന്ന യൂട്യൂബ് ചാനലും ഫെയ്സ്ബുക്ക് പേജും വഴിയാണ് വിപണനം. വിദേശത്തുനിന്ന് ഉൾപ്പെടെ ആവശ്യക്കാരുണ്ട്. കൊറിയറായും നേരിട്ടും വില്‍പ്പന തകൃതിയാണ്. അമ്പലത്തുംകാലയിലും സ്ഥാപനമുണ്ട്. മികച്ച ഉദ്യാന കർഷകയ്ക്കുള്ള പലവിധ പുരസ്‌കാരങ്ങൾ തേടിയെത്തി. പൂന്തോട്ട കൃഷിയിൽ ജിജിയ്ക്ക് കരുത്തായി ഭർത്താവ് റജികുമാറും മക്കളായ നന്ദുവും നിഥിനയും ഒപ്പമുണ്ട്. ഫോൺ: 9497620530, 9744001827.







0 comments