രഹസ്യയോഗം ചേർന്ന് കെ സി ഗ്രൂപ്പ്


സ്വന്തം ലേഖകൻ
Published on Nov 24, 2026, 02:07 AM | 1 min read
ശാസ്താംകോട്ട
കുന്നത്തൂർ കോൺഗ്രസിൽ മാറിമറിഞ്ഞ് ഗ്രൂപ്പ് സമവാക്യങ്ങൾ ശക്തിപ്പെടുന്നു. കെ സി പക്ഷം കഴിഞ്ഞദിവസം രഹസ്യമായി ചേർന്ന ഗ്രൂപ്പുയോഗത്തിൽ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാർ അടക്കം നിരവധി നേതാക്കൾ പങ്കെടുത്തു. ഇതിൽ മുൻകാലങ്ങളിൽ ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്നവരുമുണ്ട്. മുമ്പ് എ ഗ്രൂപ്പിന്റെ ഭാഗമായിനിന്നിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ വി ഡി സതീശൻ പക്ഷത്തിലേക്ക് മറിഞ്ഞതാണ് കെ സി പക്ഷത്തെ അടിയന്തരമായി ഗ്രൂപ്പുയോഗം വിളിക്കാൻ പ്രേരിപ്പിച്ചത്. ശനിയാഴ്ച ഡിസിസി ജനറൽ സെക്രട്ടറി സുകുമാരപിള്ളയുടെ വീട്ടിലാണ് രഹസ്യയോഗം ചേർന്നത്. ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വൈ ഷാജഹാൻ, കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരയ്‌ക്കാട് അനിൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കാരുവള്ളി ശശി, എം വി ശശികുമാരൻനായർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ കെ സി ഗ്രൂപ്പുകാരനായ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീറിന്റെ നിർദേശപ്രകാരമാണ് യോഗം ചേർന്നത്. ശൂരനാട് വടക്ക് പഞ്ചായത്തിൽ നിലനിൽക്കുന്ന കോൺഗ്രസിലെ പ്രതിസന്ധിയും ശാസ്‌താംകോട്ട ഭൂപണയ ബാങ്കിലെ നിയമന തർക്കങ്ങളും യോഗത്തിൽ ചർച്ചയായി. താലൂക്കിലെ കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും ഒപ്പം കൂട്ടാൻ യോഗം തീരുമാനിച്ചു. വിവിധ മണ്ഡലം പ്രസിഡന്റുമാരായ നളിനാക്ഷൻ, പ്രസന്നൻ വിലാടൻ, സുകേഷ്, ചക്കുവള്ളി നിസാർ, ആർ ഡി പ്രകാശ് തുടങ്ങിയവരും യോഗത്തിനെത്തി.അതിനിടെ കെ സി ഗ്രൂപ്പിന്റെ രഹസ്യയോഗത്തിന് ബദലായി ഒപ്പം നിൽക്കുന്നവരെ വിളിച്ചുചേർക്കാനാണ് ചെന്നിത്തല ഗ്രൂപ്പും സതീശൻ ഗ്രൂപ്പും ആലോചിച്ചിട്ടുള്ളത്. പരമ്പരാഗതമായി എ, ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്നിരുന്ന നേതാക്കൾ കെ സി പാളയത്തിലേക്ക് നീങ്ങിയത് മറ്റു ഗ്രൂപ്പുകളെ ആശങ്കപ്പെടുത്തി.








0 comments