ഉറക്കമില്ലാതെ മലയോരം


സ്വന്തം ലേഖകൻ
Published on Nov 24, 2026, 02:11 AM | 1 min read
കൊല്ലം
രാപകൽ ഭേദമില്ലാതെ വന്യമൃഗഭീതിയിൽ കിഴക്കൻ മലയോരജനത. കാടിറങ്ങുന്ന മൃഗങ്ങൾ മനുഷ്യജീവനും കൃഷിക്കും വൻ ഭീഷണിയായി. കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും അപ്രതീക്ഷിതമായി ജനവാസ മേഖലകളിലും വീട്ടുപരിസരത്തും എത്തുന്നു. കാർഷിക വിളകൾ ചവിട്ടിമെതിക്കുന്നു. പത്തനാപുരത്ത് കറവൂരും പുനലൂരിൽ തെന്മല പഞ്ചായത്തിലെ കുറവൻതാവളം, മാമ്പഴത്തറയും അഞ്ചലിൽ അമ്പതേക്കർ ഗ്രാമവുമെല്ലാം വന്യമൃഗശല്യത്തിൽ ഭയചകിതരായാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കറവൂർ കനാൽ പുറംപോക്ക്, കാരിക്കുഴി, തലയ്ക്കൽ ഭാഗം, മാസ്റ്റർപടി, കാരിക്കുഴി, കുറുന്തമൺ, കിഴയം, തട്ടുവോല പച്ച, കമ്പിലൈൻ, ചാങ്ങപ്പാറ എന്നിവിടങ്ങളാണ് കാട്ടാനയുടെ വിഹാരകേന്ദ്രം. കഴിഞ്ഞദിവസം ചിറ്റാശേരിയിൽ കാട്ടുപന്നി ആക്രമണമുണ്ടായി. ഒരുവർഷം മുമ്പ് ഇവിടെ കാട്ടുപന്നി ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചിരുന്നു. ഒരുമാസം മുമ്പ് കടശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കുറവൻതാവളം തൊഴിലാളി ലയത്തിനടുത്ത് ഇറങ്ങിയ കാട്ടാന ഫെൻസിങ് ചവിട്ടിത്തകർത്താണ് ജനവാസ മേഖലയിലേക്ക് കടന്നത്. പുതിയ പ്ലാന്റേഷനിൽ കൈതച്ചക്ക കൃഷി ആരംഭിച്ചതോടെ ആനകൾ കൂട്ടത്തോടെ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നു. തൊഴിലാളി ലയങ്ങളോട് ചേർന്നുള്ള ആറിന്റെ തീരത്തും ലയങ്ങളുടെ പരിസരത്തും കാട് വളർന്നതും വലിയ ഭീഷണിയാണ്. ഒരാഴ്ചയിലധികമായി കാട്ടുപോത്ത് ശല്യത്തെ തുടർന്ന് വീടിനു പുറത്തിറങ്ങാനോ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാനോ ഭയക്കേണ്ട അവസ്ഥയിലാണ് അഞ്ചൽ അന്പതേക്കറിലെ ജനങ്ങൾ. ആറിന്റെ തീരത്തുള്ള കാടുകൾ വെട്ടിത്തെളിക്കുന്നതിലും തകർന്ന ഫെൻസിങ്ങുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുന്നതിലും അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് മലയോര ജനത.








0 comments