വ്യാജ സൗന്ദര്യ വർധക വസ്തുക്കളിലെ അപകടം
ബോധവൽക്കരണം തുടങ്ങിയത് ജില്ലാ ശിശുക്ഷേമ സമിതി

എസ് അനന്ദ വിഷ്ണു
Published on Nov 24, 2026, 02:06 AM | 2 min read
കൊല്ലം
സൗന്ദര്യ വർധക വസ്തുകളുടെ ദുരുപയോഗം തടയാനും അതുമൂലമുണ്ടാകുന്ന രോഗ പാർശ്വഫലങ്ങൾ തിരിച്ചറിഞ്ഞ, ബോധവൽക്കരണം നടത്താനും സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ചത് കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം സ്വദേശിനിയായ പതിനേഴുകാരി ഗുരുതര കിഡ്നി രോഗവുമായി ചികിത്സയ്ക്ക് എത്തിയപ്പോഴാണ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫെയർനെസ് ക്രീമിന്റെ ഫലമായിട്ടാണ് കിഡ്നിയുടെ പ്രവർത്തനം പാതി നിലച്ചതെന്നു കണ്ടെത്തിയത്. ഫെയർനെസ് ക്രീമിൽ അമിതമായി അടങ്ങിയിരുന്ന മെർക്കുറിയുടെ അംശം തൊലിപ്പുറം വഴി രക്തത്തിൽ കലരുകയും കിഡ്നിയുടെ പ്രവർത്തനം അപകടത്തിലാകുകയുമായിരുന്നു. സാമൂഹ്യമാധ്യമ പരസ്യങ്ങളിലൂടെയും ന്യൂജെൻ ഇൻഫ്ലുവൻസർമാരുടെ പ്രേരണ മൂലവും അംഗീകൃതമല്ലാത്ത വ്യാജ കമ്പനികളിൽനിന്ന് വാങ്ങുന്ന സൗന്ദര്യവർധക വസ്തുകൾ സൃഷ്ടിക്കുന്നത് ഗുരുതര ആരോഗ്യ പ്രശനങ്ങളാണ്. എളുപ്പത്തിൽ വെളുക്കാനുള്ള ഫെയർനെസ് ക്രീമുകൾ, കൂടുതൽ നിറം പകരുന്ന ലിപ്സ്റ്റിക്ക്, ലിപ് ബാം, ടാൻ റിമൂവൽ സോപ്പുകളും ക്രീമുകളും, ആന്റി എജിങ് ക്രീമുകൾ, പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കുന്ന വൈറ്റിനിങ് ലോഷനുകൾ തുടങ്ങി സൗന്ദര്യ വർധക വസ്തുക്കൾ നിരവധിയാണ്. ഇത്തരത്തിലുള്ള സൗന്ദര്യവർധക വസ്തുക്കൾ പലതിലും മാരകമായ രാസപദാർഥങ്ങൾ ചേർക്കുക പതിവാണ്. മുന്പ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ സൗന്ദര്യ പദ്ധതിയിൽ നടത്തിയ റെയ്ഡിൽ ലിപ്സ്റ്റിക്, ഐലൈനർ, ഐഷാഡോ, ബ്ലഷ്, ഫേസ് ക്രീം തുടങ്ങിയവയിൽ മെർക്കുറി, കാഡ്മിയം, ക്രോമിയം ആഴ്സനിക്, ലെഡ് എന്നിവ ഉൾപ്പെടെയുള്ള മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. ഇവയിൽ അനുവദനീയമായതിന്റെ 1200 ഇരട്ടിയിലധികം മെർക്കുറിയുടെ അളവ് കണ്ടെത്തി. തുടർന്നാണ് മുതിർന്നവരിലും കുട്ടികളിലും വർധിച്ചുവരുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാനും ദോഷവശങ്ങൾ ബോധവൽക്കരിക്കാനുമായി കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജൂൺ ആറിന് "ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസ്" ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിൽ കവി കുരീപ്പുഴ ശ്രീകുമാറണ് നിർവഹിച്ചത്. ജില്ലയിലെ ആദ്യത്തെ ലിപ്സ്റ്റിക് ഫ്രീ ക്യാന്പസായി മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻദേവ്, ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ജില്ലാ കലക്ടർ, ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ഷീബാ ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അം ഗം ആർ മനോജ്, ശിശു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാന്പയിൻ.







0 comments