ഇന്ന് വനിതാ ദിനം
4 പതിറ്റാണ്ടിന്റെ മധുരമുള്ള പാഠം

ഷംല
കോഴിക്കോട്
നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഷംല മുംബൈയിൽനിന്ന് കേരളത്തിലേക്ക് തിരിക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് കോഴിക്കോട് കിണാശേരിയിലെ തറവാട്ട് വീട്ടിലേക്ക് താമസംമാറ്റിയെങ്കിലും പഠനം തുടരാൻ ആ കൊച്ചുമിടുക്കിക്കായില്ല. നീണ്ട വര്‍ഷങ്ങളുടെ ആ കാത്തിരിപ്പ് സഫലമായതാകട്ടെ 43ാം വയസ്സിലും. ഏഴാംതരം മുതൽ പ്ലസ് ടു വരെ സാക്ഷരതാ മിഷന് കീഴിൽ പഠിച്ച ഷംല ഇന്ന്, 49ാം വയസ്സിൽ അക്യുപങ്ചര്‍ വിദഗ്ധയാണ്. 17ാം വയസ്സിൽ വിവാഹം കഴിച്ചപ്പോഴും പഠിത്തം തുടരാൻ സാധിക്കുമെന്ന പ്രതീക്ഷ ഷംലയ്ക്കുണ്ടായിരുന്നു. ഓരോ പാഠങ്ങളും കൃത്യമായി പഠിപ്പിച്ചുതരുന്ന അമ്മയ്ക്ക് നാലാം ക്ലാസാണ് യോഗ്യതയെന്നത് കുട്ടികൾക്ക് കൗതുകമായി. നാല് മക്കളും ചേര്‍ന്ന് അമ്മയെ പഠിക്കാൻ നിര്‍ബന്ധിക്കാൻ കാരണമായതും. കുടുംബശ്രീ വഴിയാണ് ഷംല സാക്ഷരതാ ക്ലാസിനെക്കുറിച്ച് അറിഞ്ഞത്. മക്കളുടെ പ്രോത്സാഹനം കൂടിയായപ്പോൾ പഠിക്കാൻ ആവേശമായി. 2020ൽ ഏഴാം ക്ലാസ് പരീക്ഷ ജയിച്ചു. സാക്ഷരതാ മിഷനിലെ അധ്യാപകര്‍ പിന്തുണയായി കൂടെ നിന്നപ്പോൾ പത്താം തരവും പ്ലസ് ടുവും വിജയിച്ചു. സ്വകാര്യ സ്ഥാപനത്തിൽനിന്ന് അക്യുപങ്ചര്‍ പഠനവും പൂര്‍ത്തിയാക്കിയതായി ഷംല പറഞ്ഞു. സാക്ഷരതാ മിഷനാണ് പുതുജീവിതം നൽകിയതെന്നും ഭാവിയിൽ ക്ലിനിക്ക് തുടങ്ങാൻ ആഗ്രഹമുണ്ടെന്നും ഷംല പറഞ്ഞു.









0 comments