ad
Deshabhimani

ത്രില്ലടിപ്പിക്കും ഈ കൂടാരക്കാഴ്ചകൾ

 കോഴിക്കോട് നടക്കുന്ന ഗ്രേറ്റ് ബോംബെ സര്‍ക്കസില്‍ നിന്ന്

കോഴിക്കോട് നടക്കുന്ന ഗ്രേറ്റ് ബോംബെ സര്‍ക്കസില്‍ നിന്ന്

വെബ് ഡെസ്ക്

Published on Aug 23, 2026, 12:36 AM | 1 min read



കോഴിക്കോട്

വായുവിൽ‌ അമ്മാനമാടുന്ന വര്‍ണക്കുപ്പികളും ബലൂണുകളും വളയങ്ങളും... ചുവന്നുതുടുത്ത കവിൾ കാട്ടി തലയാട്ടിച്ചിരിച്ച് കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന കുട്ടി ജോക്കര്‍മാര്‍. ചിരിയുടെ കുടചൂടി അവരെത്തുമ്പോൾ കാണികളുടെയും മനസ്സ് നിറയുന്നു. കോൺവെന്റ് റോഡിലെ സെന്റ് ജോസഫ്സ് സ്കൂളിന് സമീപത്തെ ഗ്രേറ്റ് ബോംബെ സര്‍ക്കസ് കൂടാരം കൗതുകക്കാഴ്ചകളുടെ മാന്ത്രികലോകം തന്നെയാണ്. ഉള്ളിൽ കയറിയാൽ തിരിച്ചുവരാൻ തോന്നാത്ത ഇടത്തിൽ മണിക്കൂറുകൾ സെക്കൻഡുകളായി ചുരുങ്ങും. കുഞ്ഞുങ്ങൾമുതൽ പ്രായമായവര്‍വരെ മെയ്‌വഴക്കത്തിന്റെ അത്‍ഭുതപ്രകടനങ്ങൾ ഇമചിമ്മാതെ കണ്ടിരിക്കും.

സ്വര്‍ണനിറമുള്ള മത്സ്യം സര്‍ക്കസ് കലാകാരന്റെ വായിൽനിന്ന് കുപ്പിയിലേക്ക് വീണതും വര്‍ണക്കുട ചൂടി സുന്ദരി നായക്കുട്ടി കുണുങ്ങിനടന്നതുമെല്ലാം രസിപ്പിക്കുന്ന കാഴ്ചകളാണ്‌. അഞ്ച് കത്തികൾ ഒരുമിച്ച് വായിൽ കുത്തിയിറക്കിയത് ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കേണ്ടിവരും. സ്വിങ്ങിങ് ബീം ആക്രോബാറ്റിക്കും റോളർ ബാലൻസും റോളര്‍ സ്കേറ്റിങ്ങും ഐകേറിയൻ ആക്ടും റഷ്യൻ റിങ് ആക്ടുമെല്ലാം ആവേശക്കാഴ്ചകളായി. പോൾ അക്രബേറ്റ്, പിരമിഡ് അക്രബേറ്റ് തുടങ്ങിയവ ഇത്തവണത്തെ ആകര്‍ഷങ്ങളായി. എത്യോപ്യ, റഷ്യൻ, നേപ്പാൾ, ചൈന, അസം, മണിപ്പുര്‍, ബംഗാൾ തുടങ്ങി വിവിധയിടങ്ങളിൽനിന്നായി നൂറോളം കലാകാരന്മാരാണ് ഗ്രേറ്റ് ബോംബെ സര്‍ക്കസിലുള്ളത്. ഇതിൽ 22 പേർ സ്ത്രീകളാണ്. സര്‍ക്കസിന്റെ വിവിധ വിഭാഗങ്ങളിലായി ജോലിചെയ്യുന്ന കുടുംബങ്ങളുമുണ്ട്. പകൽ ഒന്നിനും വൈകിട്ട് അഞ്ചിനും രാത്രി ഏഴരയ്ക്കുമാണ് ഷോ നടക്കുന്നത്. രണ്ട് മണിക്കൂറിൽ ഇരുപതിൽപ്പരം ഐറ്റങ്ങൾ ദൃശ്യവിരുന്നാകും. അവധിക്കാലത്ത് അഭ്യാസങ്ങളുടെയും അവതരണ ശൈലിയുടെയും പുതുമയോടെ കാഴ്‍ചയുടെ വസന്തം കോഴിക്കോട്ടുകാരെ കാത്തിരിക്കുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home