ഇത് നിശ്ചയദാർഢ്യത്തിന്റെ പാത

നിർമാണം അതിവേഗം പുരോഗമിക്കുന്ന കുറ്റ്യാടി ബൈപാസ്
വി രഗീഷ്
Published on Apr 03, 2026, 12:33 AM | 1 min read
വടകര
ഒരു നാടിന്റെ വികസനം സാധ്യമാകുന്നതിൽ ജനപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലിന് ഉദാഹരണമാണ് കുറ്റ്യാടിയിലെ ബൈപാസ്. പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായ പാതയ്ക്ക് നിരവധി ആശങ്കകളും പരാതികളും കോടതി വ്യവഹാരങ്ങളും തടസ്സമായിരുന്നു. ജനകീയ ഇടപെടലിലാണ് സർക്കാർ ബൈപാസ് യാഥാർഥ്യമാക്കിയത്.
കിഫ്ബിയിലൂടെ അനുവദിച്ച 39.42 കോടി രൂപയുടെ നിർമാണ പ്രവൃത്തിയാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. കുറ്റ്യാടി ടൗണിലെ അഞ്ച് റോഡുകൾ ചേരുന്ന പ്രധാന ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായാണ് കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ബൈപാസിന് അനുമതി നൽകിയത്. ഒന്നര കിലോമീറ്റർ നീളമുള്ള ബൈപാസ് കടേക്കചാലിൽനിന്ന് തുടങ്ങി കുറ്റ്യാടി പാലത്തിന് സമീപത്തായാണ് അവസാനിക്കുന്നത്.
1. 5789 ഹെക്ടർ ഭൂമിയാണ് ബൈപാസിനായി ഏറ്റെടുക്കുന്നത്. നഷ്ടപരിഹാര തുകയും കൊടുത്തുതീർത്തു. 15 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് പദ്ധതി യാഥാർഥ്യമാകുന്നത്. എട്ടുവർഷം മുമ്പേ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി എല്ലാവരും അംഗീകരിച്ച അലൈൻമെന്റിൽ ഏകപക്ഷീയമായ മാറ്റം വരുത്തിയതാണ് നീണ്ടുപോകാൻ ഇടയാക്കിയത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ഇടപെടലിൽ അലൈൻമെന്റിലെ അപാകവും കോടതി വ്യവഹാരങ്ങളുമെല്ലാം തീർപ്പാക്കി അക്വിസിഷൻ നടപടികളും പൂർത്തിയാക്കിയാണ് പ്രവൃത്തി ദ്രുതഗതിയിൽ നടക്കുന്നത്. ബാബ് കൺസ്ട്രക്ഷനാണ് പദ്ധതി ഏറ്റെടുത്തത്.
മത്തായി ചാക്കോ എംഎൽഎയായ കാലത്താണ് കുറ്റ്യാടി ബൈപാസ് എന്ന നിർദേശം ഉയർന്നത്. 2016 സെപ്തംബറിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ബൈപാസ് പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച് 2021 ജൂണിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതോടെയാണ് പ്രവർത്തനം ദ്രുതഗതിയിലായത്. 1.46 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും ഇരട്ടവരിയായി നിർമിക്കുന്ന റോഡിന് ഏഴ് മീറ്റർ ടാറിങ് വീതിയുണ്ട്. ഇരുവശങ്ങളിലും ഡ്രെയ്‌നേജും. ഇന്ത്യൻ റോഡ് കോൺഗ്രസ്, മോർത്ത് എന്നിവയുടെ മാനദണ്ഡപ്രകാരമാണ് ബൈപാസിന്റെ നിർമാണം.










0 comments