രണ്ടുപേരെ കൊന്നെന്ന വെളിപ്പെടുത്തൽ
തുമ്പ് തേടാൻ 1989 ലെ കാണാതായവരുടെ കേസുകൾ അന്വേഷിച്ച് പൊലീസ്


സ്വന്തം ലേഖകൻ
Published on Jul 07, 2025, 01:19 AM | 1 min read
കോഴിക്കോട്
കൗമാരപ്രായത്തിൽ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന പള്ളിക്കൽ ബസാറിൽ താമസിക്കും അയ്‌പറമ്പിൽ മുഹമ്മദാലി (54)യുടെ വെളിപ്പെടുത്തലിന് പിന്നാലെ 1989ൽ കാണാതായവരുടെ കേസുകൾ അന്വേഷിച്ച് പൊലീസ്. ഇക്കാലഘട്ടത്തിൽ കോഴിക്കോട് സിറ്റിയിലെ പൊലിസ് സ്‌റ്റേഷനുകളിൽ കാൺമാനില്ലെന്നുള്ള പരാതികളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിലൂടെ മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. കമീഷണറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡാണ് പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നത്.
ബീച്ചിലെ കൊലപാതകത്തിന് മറ്റൊരാൾക്കും പങ്കുണ്ടെന്നാണ് മുഹമ്മദാലിയുടെ മൊഴി. ബാബു എന്ന കഞ്ചാവ് ബാബുവാണ് അന്ന് ഒപ്പമുണ്ടായിരുന്നത്. മുൻവർഷങ്ങളിൽ ഈ പേരിലുള്ള ആൾക്കെതിരെ കേസുകൾ സിറ്റി പൊലീസിലുണ്ടോയെന്നും പരിശോധിക്കും. മരിച്ചയാളെ തിരിച്ചറിയാത്തതിനാൽ അജ്ഞാത മൃതദേഹമായാണ് നടപടി പൂർത്തീകരിച്ചത്. പോസ്റ്റ്‌മോർട്ടം രേഖകൾക്കായി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിനെ സമീപിച്ചിട്ടുണ്ട്. കൂടരഞ്ഞിയിലെ തോട്ടിലേക്ക് ഒരാളെ ചവിട്ടിത്തള്ളിയെന്ന മുഹമ്മദാലിയുടെ മൊഴിയിൽ തിരുവമ്പാടി പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇരിട്ടിയിൽനിന്ന് നാലംഗ സംഘം അക്കാലത്ത് മരിച്ചയാളുടെ വിവരങ്ങൾ തിരക്കാൻ കൂടരഞ്ഞിയിൽ എത്തിയതായി നാട്ടുകാർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കയാണ്.
കഴിഞ്ഞമാസം അഞ്ചിനാണ് മുഹമ്മദാലി വേങ്ങര പൊലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. തുടർന്ന് വേങ്ങര പൊലീസ് തിരുവമ്പാടി സ്‌റ്റേഷനിൽ വിവരമറിയിക്കുകയും മുഹമ്മദാലിയുടെ അറസ്റ്റ് രേഖപ്പെടുത്തിശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡുംചെയ്തു. പിന്നീട്, കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് വെള്ളയിൽ ബീച്ചിലെ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
0 comments