ad
Deshabhimani

കരുതലോടെ കരു നീക്കാം, ലഹരിയോട്‌ നോ പറയാം

as

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ബീച്ച് ഫ്രീഡം സ്ക്വയറില്‍ ഒരുക്കിയ ലഹരിക്കെതിരെ 
ഭീമന്‍ പാമ്പും കോണിയും കളിയില്‍ പങ്കെടുക്കുന്നവര്‍

avatar
സ്വന്തം ലേഖകൻ

Published on Jun 27, 2026, 02:20 AM | 1 min read

കോഴിക്കോട്‌

മൂന്നാമത്തെ കളത്തിലേക്ക്‌ നടന്നാൽ "കലയാണ്‌ ലഹരി', അവിടെ നിന്ന്‌ കോണി കയറിയാൽ 22–ാം കളത്തിലെത്താം. പതിയെ നീങ്ങി 25ൽ എത്തിയാൽ ഒന്ന്‌ ട്രൈ ചെയ്‌ത്‌ നോക്കെന്നുപറഞ്ഞ്‌ സിഗരറ്റ്‌ മാടിവിളിക്കും, പാമ്പ്‌ വിഴുങ്ങും. ഉയരങ്ങളിലേക്ക്‌ കയറുമ്പോൾ ലഹരിയുടെ വീര്യവും പതനവും കൂടും. 97–ാം കളത്തിലെത്തിയാൽ സിന്തറ്റിക്‌ ലഹരിയുടെ പിടിയിലാകും. പാമ്പ്‌ വിഴുങ്ങിയാൽ നേരെ 31ലേക്ക്‌ വലിയ പതനം. വിഴുങ്ങിയില്ലെങ്കിൽ കളം കയറി പതിയെ വിജയിക്കാം. ആദ്യകളിയിൽ ശ്രദ്ധയോടെ നീങ്ങിയ 13 വയസ്സുകാരി നിയ നിജീഷ്‌ വിജയിച്ചു. കൂടെ മത്സരിച്ചവരെ പലതവണ പാമ്പു വിഴുങ്ങിയപ്പോഴും നിയക്ക്‌ കളം തെറ്റിയില്ല. പാമ്പും കോണിയും കളിയിൽ ശ്രദ്ധയോടെയുള്ള കരുനീക്കങ്ങളാണ്‌ വിജയത്തിനാവശ്യം. ഇതേ ശ്രദ്ധ തന്നെയാണ്‌ ജീവിതത്തിലും ആവശ്യമെന്ന്‌ ഓർമിപ്പിച്ചാണ്‌ "കരുതലോടെ കരു നീക്കാം' എന്ന പേരിൽ ജില്ലാ ഭരണകേന്ദ്രം കോഴിക്കോട് ബീച്ചിൽ ഭീമൻ പാമ്പും കോണിയും മത്സരമൊരുക്കിയത്‌.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയും ജില്ലാ സാമൂഹ്യനീതി വകുപ്പും ചേർന്ന്‌ സംഘടിപ്പിച്ച പരിപാടി കലക്ടർ എം എസ് മാധവിക്കുട്ടി ഉദ്‌ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന വ്യക്തിഗതവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പൊതുജനങ്ങൾക്ക് അവബോധം കൈമാറാവുന്ന സന്ദേശങ്ങൾ വിവിധ കളങ്ങളിൽ ഉൾപ്പെടുത്തിയായിരുന്നു മത്സരം. ഒപ്പം പരിഹാര മാർഗങ്ങളും നിർദേശിക്കും. പരിഹാര മാർഗങ്ങളിലെത്തുമ്പോൾ കോണി കയറുകയും ലഹരിയിൽ അകപ്പെടുമ്പോൾ പാമ്പ്‌ വിഴുങ്ങുകയും ചെയ്യുന്നു. ഷൂട്ട് ഔട്ട്, ലൈവ് പെയിന്റിങ്‌ തുടങ്ങിയ ആക്ടിവിറ്റി കോർണറുകളും സജ്ജീകരിച്ചിരുന്നു. വിജയികൾക്ക്‌ കൈനിറയെ സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home