ad
Deshabhimani

കൃഷ്ണവിഗ്രഹത്തിൽ രാജസ്ഥാൻ കരവിരുത്

a

പൂക്കാട് റോഡരികിൽ പ്രതിമ വിൽക്കുന്നവർ

avatar
എ സജീവ്കുമാർ

Published on Apr 12, 2026, 12:31 AM | 1 min read

കൊയിലാണ്ടി

വിഷുക്കാലത്തെ പ്രതിമകളുടെ നിർമാണത്തിലും വില്‍പ്പനയിലുമാണ് പൂക്കാട് റോഡരികിലെ രാജസ്ഥാന്‍ സ്വദേശികൾ. വിഷുക്കാലമായാല്‍ രാപകലില്ലാതെ ഇവര്‍ കൃഷ്ണപ്രതിമ നിർമാണത്തിലാണ്‌. വെള്ള സിമന്റും പ്ലാസ്റ്റര്‍ ഓഫ് പാരീസും ഉപയോഗിച്ച് പ്രത്യേക അച്ച് ഉപയോഗിച്ചാണ് പ്രതിമ നിര്‍മാണം. പ്രതിമ നിര്‍മിച്ചാല്‍ റോഡരികില്‍ ഉണങ്ങാന്‍ നിരത്തിവയ്‌ക്കും. പെയിന്റ് ചെയ്ത്‌ ആകര്‍ഷകമാക്കുക സ്ത്രീകളും കുട്ടികളുമാണ്.

രാജസ്ഥാനിലെ പാലി ജില്ലയില്‍നിന്നുള്ള മൂന്ന് കുടുംബങ്ങളാണ് വര്‍ഷങ്ങളായി റോഡരികില്‍ ടെന്റ് കെട്ടി പ്രതിമ നിര്‍മിച്ചുവിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുന്നത്. മൂന്ന് കുടുംബങ്ങളിലായി മുപ്പതോളം അംഗങ്ങളുണ്ട്. ഇവരുടെ കുട്ടികള്‍ പഠിക്കുന്നത് ഇവിടെ തന്നെയുള്ള സ്‌കൂളുകളിലാണ്. ഒന്നാം ക്ലാസ് തൊട്ട് പ്ലസ്ടുവരെ പഠിച്ചവര്‍ കൂട്ടത്തിലുണ്ടെന്ന് വിദ്യാര്‍ഥികളായ മുകേഷ്, നാരായണന്‍, കിഷന്‍ലാല്‍, അമൃത് തുടങ്ങിയവര്‍ പറഞ്ഞു.

നൂറുരൂപ മുതല്‍ 2500 രൂപവരെ വിലയുള്ള കൃഷ്ണനും രാധയും, ഗണപതിയും അയ്യപ്പനുമെല്ലാം ഇവരുടെ കൈയിലുണ്ട്. കൂടുതലും ശ്രീകൃഷ്ണ പ്രതിമകളാണ് ഇവര്‍ നിര്‍മിക്കുക. വിഷു സമയത്ത് നല്ല കച്ചവടമാണ്. വീടുകളില്‍ കണി വയ്‌ക്കാനായി ഒട്ടേറെ പേര്‍ കൃഷ്ണവിഗ്രഹങ്ങള്‍ വാങ്ങാനെത്തും.

ദേശീയപാത വികസനത്തോടെ വിഗ്രഹങ്ങളുടെ വില്‍പ്പന താരതമ്യേന കുറഞ്ഞതായി മുകേഷ് പറഞ്ഞു. ഇപ്പോള്‍ വാഹനങ്ങള്‍ പൂക്കാട് അടിപ്പാതയ്ക്ക് മുകളിലൂടെയാക്കിയത് വില്‍പ്പനയെ ബാധിച്ചു. സര്‍വീസ് റോഡിലൂടെ പോകുന്നവർക്കേ വിഗ്രഹങ്ങള്‍ വാങ്ങാൻ കഴിയുകയുള്ളൂ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home