തിരക്കിന്റെ തിരയിൽ കാപ്പാട്

കാപ്പാട് ബ്ലൂൂ ഫ്ലാഗ് കടൽതീരം
എ സജീവ്കുമാർ
Published on Feb 23, 2026, 01:21 AM | 1 min read
കൊയിലാണ്ടി
cമധ്യവേനൽ അവധിക്കുമുമ്പുതന്നെ സംസ്ഥാനത്തെ ഏക ബ്ളൂ ഫ്ളാഗ് ബീച്ചായ കാപ്പാട് കടലോരത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാരംഭിച്ചു. രാവിലെമുതൽ സഞ്ചാരികൾ എത്താറുണ്ടെങ്കിലും കാപ്പാട് വൈകിട്ടുമുതൽ രാത്രിവരെ വൻ തിരക്കാണ്. പ്രധാന ഒഴിവുദിവസങ്ങളിൽ 3000മുതൽ 5000വരെ സഞ്ചാരികൾവരെ ഇവിടെ എത്തുന്നുണ്ട്.
കാപ്പാട് ബീച്ച് കാണാൻ ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിനോദസഞ്ചാരികളെത്തും.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നായ കാപ്പാട് തീരത്തുനിന്ന് 20 മീറ്റർ അകലംവരെ കടലിലേക്ക് നടക്കാം. എല്ലാ മാസവും സിഡ്ല്യുആർഡിഎം ഇവിടുത്തെ വെള്ളം പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തും. സുരക്ഷക്കായി നാല് ലൈഫ് ഗാർഡുമാരും നിരവധി സെക്യൂരിറ്റി ഓഫീസർമാരും ക്ലീനിങ് സ്റ്റാഫും ഇവിടെയുണ്ട്.
2008ലാണ് അന്നത്തെ ടൂറിസം മന്ത്രിയായ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കാപ്പാട് സൗന്ദര്യവൽക്കരണ പ്രവൃത്തി തുടങ്ങിയത്. നിരവധി പ്രവർത്തനങ്ങൾക്ക് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തുടക്കംകുറിച്ചിട്ടുണ്ട്. കോടിയേരി ടൂറിസംമന്ത്രിയായ കാലത്ത് എംഎൽഎയായ പി വിശ്വൻ നേതൃത്വംനൽകി ടൂറിസം വകുപ്പ് നടത്തിയ അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരംപോലുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന പരിപാടികൾ ഈ സീസണിൽ കാപ്പാട് വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.










0 comments