ad
Deshabhimani

ഡിവൈഎഫ്‌ഐ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കം

എയിംസ് കിനാലൂരിൽനിന്ന് മാറ്റരുത്‌

a

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മുക്കം മുസ്‌ലിം ഓർഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 14, 2026, 01:51 AM | 2 min read

മുക്കം

നിർദിഷ്ട എയിംസ് കിനാലൂരിൽനിന്ന് മാറ്റാനുള്ള നീക്കങ്ങളിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ഡിവൈഎഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുൻ എൽഡിഎഫ് സർക്കാരിന്റെ നിരന്തര സമ്മർദഫലമായാണ് കേന്ദ്ര ആരോഗ്യവകുപ്പ് കേരളത്തിന് എയിംസ് അനുവദിക്കാമെന്ന്‌ അറിയിച്ചത്‌. കിനാലുരിൽ സ്ഥലം കണ്ടെത്തി കേന്ദ്ര ആരോഗ്യവകുപ്പിനെ രേഖാമൂലം സംസ്ഥാന സർക്കാർ അറിയിച്ചതാണ്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടും എയിംസ് കോഴിക്കോടിന് നഷ്ടപ്പെടുത്തുന്ന നീക്കം കോഴിക്കോടിനോടും മലബാറിനോടുമുള്ള അവഗണനയാണ്. കിനാലൂരിൽ തന്നെ എയിംസ് സ്ഥാപിക്കാനാവശ്യമായ തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

മതവർഗീയതയ്‌ക്കും മൂലധനശക്തികൾക്കുമെതിരെ കരുത്തോടെ മുന്നേറുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ രണ്ടുദിവസത്തെ സമ്മേളനം തുടങ്ങിയത്‌. തിങ്കൾ രാവിലെ പുഷ്‌പൻ നഗറിൽ (മുക്കം മുസ്ലിം ഓർഫനേജ് ഒഎസ്എ ഓഡിറ്റോറിയം) പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ അരുൺ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഷഫീഖ് അനുശോചന പ്രമേയവും കെ എം നിനു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ദിപു പ്രേംനാഥ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ടി വിശ്വനാഥൻ സ്വാഗതം പറഞ്ഞു.

രക്തസാക്ഷി ഷിബിനിന്റെ അച്ഛൻ ഭാസ്‌കരൻ പങ്കെടുത്തു. വി കെ സനോജ് എംഎൽഎ ഉപഹാരം നൽകി. സ്വാഗതഗാനം എഴുതിയ എസ് കെ സജീഷിന് സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉപഹാരം കൈമാറി.

ജില്ലാ പ്രസിഡന്റ്‌ കെ അരുൺ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടി തുടങ്ങിയത്. തിരുവമ്പാടി മത്തായി ചാക്കോ സ്മൃതിമണ്ഡപത്തിൽനിന്ന് വൈസ് പ്രസിഡന്റ്‌ എം എം ജിജേഷിന്റെ നേതൃത്വത്തിൽ അത്‌ലീറ്റുകൾ എത്തിച്ച ദീപശിഖ ടി വിശ്വനാഥൻ ഏറ്റുവാങ്ങി. എൽ ജി ലിജീഷ് ദീപശിഖ തെളിച്ചു.

കെ അരുൺ (കൺവീനർ) എം കെ നികേഷ്, പി ശാരുതി, സിനാൻ ഉമ്മർ, നിധിൻനാഥ് എന്നിവർ അംഗങ്ങളായ പ്രസീഡിയമാണ് നടപടികൾ നിയന്ത്രിക്കുന്നത്. സി സന്ദേശ് (കൺവീനർ), എ വി നീതു, അമിത പ്രദീപ്, കെ ബഗീഷ്, ടി മെഹറൂഫ് –മിനുട്സ് കമ്മിറ്റി. പി രാഹുൽ ഡിവൈഎഫ്‌ഐരാജ് (കൺവീനർ), ബി പി ബബീഷ്, എസ് എസ് അതുൽ, വി ആർ വിജിത്ത്, ആര്യ നരിക്കുനി – പ്രമേയ കമ്മിറ്റി, ടി അതുൽ (കൺവീനർ), ആർ ഷാജി, അക്ഷയ് കക്കോടി, കീർത്തന കൊയിലാണ്ടി, ജനീഷ് വടകര, ഒലീന പയ്യോളി – ക്രഡൻഷ്യൽ കമ്മിറ്റി, എം എം ജിജേഷ്, പി എം അജിഷ, പി പി ഷിനിൽ– രജിസ്ട്രേഷൻ കമ്മിറ്റി എന്നിവ പ്രവർത്തിക്കുന്നു.

17 ബ്ലോക്ക് കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളും ജില്ലാ കമ്മിറ്റിയംഗങ്ങളുമടക്കം 380 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം വിജിൻ എംഎൽഎ, ഗ്രീഷ്മ അജയഘോഷ്, എം ഷാജിർ, ആർ രാഹുൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി സി ഷൈജു, കെ എം സച്ചിൻദേവ് എന്നിവരും പങ്കെടുക്കുന്നു. ഉച്ചക്കുശേഷം റിപ്പോർട്ടിന്മേൽ പൊതുചർച്ച തുടങ്ങി. ചൊവ്വ രാവിലെ ചർച്ച തുടരും. ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home