കൊച്ചി ഹാർബർ ടെർമിനസ്
യാത്രാ തീവണ്ടി നിർത്തലാക്കിയിട്ട് 22 വർഷം

കൊച്ചി ഹാർബർ ടെർമിനസ്
മട്ടാഞ്ചേരി
കൊച്ചി ഹാർബർ ടെർമിനസ് റെയിൽവേ ടെര്‍മിനല്‍സില്‍നിന്നുള്ള യാത്രാതീവണ്ടികൾ നിർത്തലാക്കിയിട്ട് 22 വർഷം പിന്നിടുന്നു. പൈതൃക പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷൻ കാടുകയറി ഇഴജന്തുക്കളുടെയും നാൽക്കാലികളുടെയും ഒപ്പം സമൂഹവിരുദ്ധരുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
കൊച്ചി തുറമുഖ നഗരിയിലെ ഹാർബർ ടെർമിനസ് കേരളത്തിലെ ആദ്യകാല യാത്ര ചരക്ക് തീവണ്ടി സ്റ്റേഷനുകളിലൊന്നാണ്. അധികൃതരുടെ അനാസ്ഥമൂലം ആധുനികവല്‍ക്കരണമില്ലാതായതോടെ സ്റ്റേഷൻ മരണശയ്യയിലായി. കേരളത്തിലെ ചരക്ക് കയറ്റിറക്കുമതി ഗതാഗത ചരിത്ര താളുകളിൽ സ്ഥാനംപിടിച്ച തീവണ്ടി സ്റ്റേഷനാണിത്. 2004 ജൂലൈ 14ന് വെണ്ടുരുത്തി പാലത്തിൽ കമല്‍ എന്ന ഡ്രഡ്ജര്‍ വന്നിടിച്ചതോടെയാണ് ഹാര്‍ബര്‍ ടെര്‍മിനസിന്റെ ശനിദശ ആരംഭിക്കുന്നത്. ഇതോടെ പാളത്തിലൂടെയുള്ള യാത്രാതീവണ്ടി പൂര്‍ണമായും നിര്‍ത്തലാക്കി.
ഇപ്പോള്‍ ഈ പാളത്തിലൂടെ എഫ്സിഐ ഗോഡൗണിലേക്കും മറ്റും വരുന്ന ചരക്കുതീവണ്ടികള്‍ മാത്രമാണ് സഞ്ചരിക്കുന്നത്. 2018ൽ സ്റ്റേഷന്‍ നവീകരിച്ച് മെമ്മു സർവീസ് തുടങ്ങാനിരുന്നെങ്കിലും ജനകീയ പ്രതിഷേധംമൂലം അതും തടയപ്പെട്ടു. തുടർന്ന് ഇവന്റ് മാനേജ്മെന്റ് പാർട്ടികൾക്കും സിനിമാചിത്രീകരണത്തിനും സ്റ്റേഷൻ നല്‍കിത്തുടങ്ങി. 2022 ലും 2025 ലും ആഡംബര വിനോദസഞ്ചാര ട്രെയിനായ ഗോൾഡൺ ചാരിയറ്റ് എത്തിയിരുന്നു. 1932ൽ നിർമിച്ച ഹാർബർ ടെർമിനസ്, 1943ൽ ആരംഭിച്ച കൊച്ചി -ഷൊര്‍ണൂര്‍ പാസഞ്ചർ തീവണ്ടിയാണ് ആദ്യ സർവീസ് നടത്തിയത്. 1944 മുതൽ ദീർഘദൂര തീവണ്ടികൾ സര്‍വീസ് തുടങ്ങി.
ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, അസം തുടങ്ങിയ സ്ഥലങ്ങളിലടക്കം 17 യാത്രാതീവണ്ടികൾ സർവീസ് നടത്തിയിരുന്നു. രണ്ടു പ്ലാറ്റ്ഫോമും, അഞ്ച് ട്രാക്കുമുള്ള ഹാർബർ ടെർമിനസ് റെയിൽവേയുടെ എൻഎസ്‌ജി -6 കാറ്റഗറിയിലുള്ളതാണ്. ഇന്ന് ഒരു ബുക്കിങ് സ്റ്റാഫ് മാത്രമുള്ള സ്റ്റേഷനായി കൊച്ചി ഹാർബർ ടെർമിനസ് മാറി.










0 comments