ണക്കുളങ്ങര അപകടത്തിന്റെ ബാക്കിപത്രം
നടക്കണമെങ്കിൽ എത്ര ലക്ഷം ചെലവിടണം?

എ സജീവ്‌കുമാർ
Published on May 10, 2025, 01:00 AM | 1 min read
കൊയിലാണ്ടി
മണക്കുളങ്ങര ഉത്സവത്തിന് ആന ഇടഞ്ഞ അപകടത്തിന്റെ നോവുന്ന കാഴ്‌ചയാണ് പൊയിൽക്കാവ് മനത്താനത്ത് വത്സലാമ്മയെന്ന അറുപത്തഞ്ചുകാരിയുടെ ജീവിതം. മൂന്നുമാസം മുമ്പ് ആന ഇടഞ്ഞതിന്റെ ഭാഗമായി ക്ഷേത്രത്തിലെ കെട്ടിടം തകർന്നാണ് ഇവർക്ക് ഇരുകാലിലും ഗുരുതരമായ പരിക്കേറ്റത്. ഒരു കാലിന്റെ മടമ്പ് ഭാഗം പൂർണമായി തകർന്നു. രണ്ടുകാലിലും എല്ലുകൾ പൊട്ടി. ഞരമ്പുകൾ മുറിഞ്ഞു. ഇതുവരെ അഞ്ച് ഓപ്പറേഷനും രണ്ട് പ്ലാസ്റ്റിക് സർജറിയും ചെയ്തു. പ്ലാസ്റ്റിക് സർജറിക്കായി വെട്ടിയെടുത്ത തുടയുടെ ഭാഗവും രണ്ടുകാലിന്റെയും ഓപ്പറേഷൻ ചെയ്ത ഭാഗങ്ങളും ഇനിയും ഉണങ്ങിയിട്ടില്ല. ഓപ്പറേഷൻ ചെയ്ത കാലിലെ മടമ്പിന്റെ ഭാഗം ശരിയാകണമെങ്കിൽ രോഗി നടക്കണം. നടക്കണമെങ്കിൽ കാലിൽ കുടുക്കിയിട്ട കമ്പികൾ മാറ്റണം. പഴുപ്പ് പൂർണമായി ഇനിയും മാറിയിട്ടില്ല. 42 ദിവസമാണ് മെഡിക്കൽ കോളേജിൽ കിടന്നത്. പിന്നീട് വീട്ടിലെത്തി. ഒരാഴ്ചക്കകം സ്വകാര്യ മെഡിക്കൽ കോളേജിൽ വീണ്ടും അഡ്മിറ്റ്. 25 ദിവസമാണ് അവിടെ കിടന്നത്. സ്വകാര്യ മെഡിക്കൽ കോളേജിൽ ഏതാണ്ട് രണ്ട് ലക്ഷം രൂപയോടടുത്ത് ചെലവായി. മകൾ നിഷയും മരുമകൻ ഗോവിന്ദനും മുഴുവൻ സമയം ഇവരെ പരിചരിക്കുകയാണ്. എല്ലാ ചൊവ്വാഴ്ചയും ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ച് പരിശോധിക്കണം. ആ ദിവസം ശരാശരി അയ്യായിരത്തിനടുത്ത് രൂപ ചെലവാകും. അമ്മയെ ശുശ്രൂഷിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായി ജോലിക്ക് പോയിരുന്ന മരുമകന്റെ വരുമാനംപോലും നിലച്ച അവസ്ഥയിലാണ്. മണക്കുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടവർ മുപ്പതിനായിരം രൂപ ഇവർക്ക് നൽകിയിരുന്നു. ദേവസ്വം ബോർഡിൽനിന്നോ ഗുരുവായൂർ ദേവസ്വത്തിൽനിന്നോ ഒരു സാമ്പത്തികസഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. ഇവരുടെ വിധവാ പെൻഷൻമാത്രമാണ് ആശ്രയം. 24 വർഷംമുമ്പ് വത്സലാമ്മയ്‌ക്ക് മകനെ നഷ്ടപ്പെട്ടിരുന്നു.










0 comments