ad
Deshabhimani

ഓടയിൽനിന്ന്‌ യുവാവിനെ രക്ഷിച്ചു; *‘കുടുങ്ങി’യതിൽ ദുരൂഹത

a

പുഷ്പ ജങ്ഷനിലെ ഓവുചാലിനുള്ളിൽ അകപ്പെട്ട ബംഗാൾ സ്വദേശി അജയ് ഓറോണിനെ അഗ്നിരക്ഷാസേന പുറത്തെടുക്കുന്നു

avatar
സ്വന്തം ലേഖിക

Published on Jun 07, 2026, 02:54 AM | 1 min read

കോഴിക്കോട്

നഗരത്തിൽ ഓടയിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ബംഗാൾ ജൽപായ്‌ഗുരി സ്വദേശി അജയ് ഓറോണി(26) നെയാണ് സ്ലാബ് പൊളിച്ച് രക്ഷപ്പെടുത്തിയത്. പുഷ്പ ജങ്ഷന് സമീപം ഇന്‍ഡോ അസോസിയറ്റ്‌സ് കെട്ടിടത്തിന് മുമ്പിലെ ഓടയിൽനിന്ന് ശനി പകൽ 11ഓടെയാണ് ഇയാളെ പുറത്തെടുത്തത്. സ്ലാബിന് വശത്തുള്ള ചെറിയ വിടവിലൂടെ കൈ പുറത്തുകണ്ട നാട്ടുകാരാണ് ബീച്ച് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ സംഘം അരമണിക്കൂറിനുള്ളിൽ യുവാവിനെ പുറത്തെത്തിക്കുകയായിരുന്നു.

സ്ലാബുകൾ ഉയർത്തിയാണ് പുറത്തെത്തിച്ചത്. ശരീരമാകെ അഴുക്കുവെള്ളവും ചെളിയുമുണ്ടായിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. ചെമ്മങ്ങാട് പൊലീസെത്തി പ്രാഥമിക ചികിത്സയ്ക്കായി ഉടൻ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചു.

അഴുക്കുചാലില്‍ വീണിട്ട് രണ്ട് ദിവസമായെന്ന് അജയ് പറഞ്ഞെങ്കിലും ഇതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാവ് കുടുങ്ങിക്കിടന്ന സ്ഥലത്തിന് സമീപത്തൊന്നും ഓടയിലേക്ക് ഇറങ്ങാനോ അബദ്ധത്തിൽ വീഴാനോ സാധ്യതയുള്ള മാൻഹോളുകൾ ഇല്ല. ഓടയുടെ മുകൾഭാഗം സ്ലാബുകൾ ഇട്ട് പൂർണമായും മൂടിയ നിലയിലുമാണ്. അതിനാൽ യുവാവ് എങ്ങനെ ഓടയ്ക്കുള്ളിൽ എത്തിയെന്നതിൽ ദുരൂഹതയുണ്ട്. ഇയാൾ ബംഗാളിൽനിന്ന് നാട്ടിലെത്തിയിട്ട് ഒരാഴ്ച പോലുമായില്ലെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തൊഴിലിനായി എത്തിയതാണോ എന്നതും അന്വേഷിക്കുന്നു.

കോഴിക്കോട് ബീച്ച് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ അരുണിന്റെ നേതൃത്വത്തിൽ എസ്ടിഒ രഞ്ജിദേവൻ, എഫ്ആര്‍ഒമാരായ പി ബിനീഷ്, ഒ ജലീൽ, ടി പി ഫാസിൽ അലി, വരുൺ രാജ്, നദിം, എച്ച് ജി വിശ്വംഭരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home