ad
Deshabhimani

കാൽപ്പന്ത് ലഹരിയിൽ പുതിയപാലം

a

പുതിയപാലത്തെ ബിഗ് സ്ക്രീനില്‍ ജോര്‍ദാനെതിരെയുള്ള ലോകകപ്പ് മത്സരം കാണാനെത്തിയ അര്‍ജന്റീന- ആരാധകരുടെ ആവേശം

avatar
സ്വന്തം ലേഖകൻ

Published on Jun 29, 2026, 01:52 AM | 2 min read

കോഴിക്കോട്‌

ആൽബിസെലസ്റ്റുകളുടെ ആകാശനീലവരകൾ നിറഞ്ഞ പതാകകളേന്തി ആർപ്പുവിളികളും ആരവങ്ങളുമായാണ്‌ ഞായറാഴ്‌ച പുലരിയെ പുതിയപാലം വരവേറ്റത്‌. ഡല്ലസ്‌ സ്‌റ്റേഡിയത്തിൽ അർജന്റീന– ജോർദാൻ മത്സരം നേരിട്ടുകണ്ട പ്രതീതിയായിരുന്നു പുതിയപാലത്ത്‌ ജനകീയസമിതിയൊരുക്കിയ ബിഗ്‌സ്‌ക്രീനിൽ കളി കണ്ടവർക്കും.

മലയാളികളുടെ പ്രിയപ്പെട്ട, ഇന്ത്യൻ ഫുട്‌ബോൾ താരം സി കെ വിനീത്‌ കൂടിയെത്തിയപ്പോൾ ആവേശം അണപൊട്ടി. പുലർച്ചെ അഞ്ച്‌ മുതൽ ഉറക്കമൊഴിച്ചുകണ്ട പോർച്ചുഗൽ– കൊളംബിയ മത്സരത്തിൽ ഗോൾ പിറക്കാത്തതിന്റെ സങ്കടത്തിലായിരുന്നു ഫുട്‌ബോൾ പ്രേമികൾ. അർജന്റീനയുടെ കളി തുടങ്ങി അൽപ്പസമയത്തിനുള്ളിൽ തന്നെ വലകുലുങ്ങിയെങ്കിലും ഓഫ്‌സൈഡ്‌ വിളിച്ചതോടെ കാണികളുടെ ആഘോഷത്തിനും അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളു. എന്നാൽ 19–ാം മിനിറ്റിൽ കിട്ടിയ ഫ്രീ കിക്ക് ലോ സെൽസോ തന്നെ വലയിലാക്കിയപ്പോൾ പുതിയ പാലം വീണ്ടും ആവേശത്തിലായി. 31–ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ലൗട്ടാരോയും വലയിലെത്തിച്ചപ്പോൾ ആവേശം കൊടുമുടി കയറി. രണ്ടാം പകുതിയിൽ മെസിയുടെ വരവും ഫ്രീ കിക്ക്‌ ഗോളും ആരാധകർ ആഘോഷിച്ചത്‌, എഴുന്നേറ്റുനിന്ന്‌ മെസി... മെസി... മെസി എന്നുറക്കെ ഒരേസ്വരത്തിൽ പറഞ്ഞായിരുന്നു.

അവധി ദിവസമായിരുന്നതിനാൽ പുതിയപാലത്തെ ബിഗ്‌സ്‌ക്രീൻ പ്രദർശനമുള്ളയിടങ്ങളെല്ലാം ആരാധകരാൽ നിറഞ്ഞിരുന്നു. ജനകീയ സമിതിയുടെ സ്‌ക്രീനിന്‌ മുന്നിലെ തിരക്ക്‌ നേരിട്ടുകണ്ട സി കെ വിനീത്‌ അത്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന ലോകകപ്പ് ബിഗ് സ്ത്രീൻ പ്രദർശന വേദികളിലൊന്നാണ് പുതിയപാലം ജനകീയ സമിതിയുടേത്. 2018 ലോകകപ്പ് മുതൽ എല്ലാ മത്സരങ്ങളും ഗ്യാലറിയിൽ സൗജന്യമായി പ്രദർശിപ്പിക്കുന്നുണ്ട്‌. 2000 പേർക്ക് മഴകൊള്ളാതെ ഇരുന്ന് കളികാണാനാവുന്ന ഗ്യാലറിയാണുള്ളത്. 288 സ്ക്വയർ ഫീറ്റ് എൽഇഡി വാളിൽ 5000 വാട്‌സ് സൗണ്ട് സിസ്റ്റത്തോടെയാണ് പ്രദർശനം. ദിവസവും വൈകിട്ട് കലാപരിപാടികളുമുണ്ട്.


"ലൈക്ക്‌’ അടിച്ച്‌ ലോകം

ആരാധകരുടെ ആവേശം നിറഞ്ഞ വേദിയാൽ ലോകശ്രദ്ധ നേടിയിരിക്കുകയാണ്‌ പുതിയപാലത്തെ ബിഗ്‌സ്‌ക്രീൻ. വ്യാഴം പുലർച്ചെ 3.30ന്‌ മയാമിയിൽ സ്‌കോട്‌ലൻഡിനെതിരെ ബ്രസീൽ താരങ്ങൾ വലകുലുക്കിയപ്പോൾ ഇവിടെ നടന്ന ആഘോഷങ്ങളും ആരവങ്ങളും ബ്രസീലിലെ ഔദ്യോഗിക ഫുട്ബോൾ ഗവേർണിങ് ബോഡിയായ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ്‌ ആഗോളശ്രദ്ധ നേടിയത്‌. 60–-ാം മിനിറ്റിൽ ബ്രസീലിനുവേണ്ടി കുന്യ ഗോളുതിർത്തപ്പോൾ ബംഗ്ലാദേശ്, ഇന്ത്യൻ, ദുബായ്, ബ്രസീലിയൻ നഗരങ്ങൾ എന്നിവിടങ്ങളിൽ നടന്ന ആഘോഷങ്ങളുടെ വീഡിയോകൾക്കൊപ്പമാണ്‌ പുതിയപാലത്തെ ആവേശവും പങ്കുവയ്ക്കപ്പെട്ടത്‌. 5,46,000ന്‌ മുകളിൽ ആളുകളാണ്‌ ഇൻസ്‌റ്റഗ്രാമിൽ വീഡിയോ കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home