ad
Deshabhimani

സ്നേഹപ്പൊതികൾക്ക് 
അഞ്ചാണ്ടിന്റെ മാധുര്യം

a

ഹൃദയപൂര്‍വം പദ്ധതിയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വിതരണം ചെയ്യാനുള്ള ഉച്ചഭക്ഷണപ്പൊതികള്‍ എത്തിക്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ (ഫയല്‍ ചിത്രം)

avatar
സ്വന്തം ലേഖിക

Published on Aug 01, 2026, 01:31 AM | 1 min read

കോഴിക്കോട്

രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വയറുനിറച്ച് യാത്ര തുടരുന്ന ഡിവൈഎഫ്‌ഐയുടെ "ഹൃദയപൂര്‍വം' പദ്ധതിക്ക്‌ അഞ്ചാണ്ടിന്റെ മാധുര്യം. സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികൾ ഭക്ഷണത്തിന് ബുദ്ധിമുട്ടരുതെന്ന ആശയത്തിൽ 2017ൽ ആവിഷ്‌കരിച്ച പദ്ധതി 2021 ആഗസ്ത് ഒന്നിനാണ് ജില്ലയിൽ ആരംഭിച്ചത്. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ദിവസേന നൂറുകണക്കിന്‌ പേർക്കാണ്‌ പൊതിച്ചോറുകൾ നൽകുന്നത്‌. ഇതിന്‌ പുറമെ നാദാപുരം, കുറ്റ്യാടി, വടകര, താമരശേരി, കൊയിലാണ്ടി താലൂക്ക് ആശുപത്രികളിൽ പ്രഭാത, രാത്രി ഭക്ഷണവിതരണവും ഉണ്ട്. ഇതുവരെ 60 ലക്ഷത്തിലേറെ പൊതിച്ചോറുകൾ ജില്ലയിൽ മാത്രം നൽകി. അഞ്ചുവര്‍ഷത്തിനിടെ ഒറ്റദിവസംപോലും ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല. 500 പൊതിച്ചോറുകളുമായി ആരംഭിച്ച പദ്ധതിയിൽ ഇന്ന് ദിവസം 3500 മുതൽ 4000 വരെ പൊതിച്ചോറുകൾ നൽകുന്നുണ്ട്. ജില്ലയിലെ 265 മേഖലാ കമ്മിറ്റികൾക്കാണ്‌ ചുമതല. ഭക്ഷണം എത്തിക്കേണ്ട തീയതി നേരത്തെ അറിയിക്കും. യൂണിറ്റ് കമ്മിറ്റികൾ വീടുകൾ കയറി പൊതിച്ചോറ് ശേഖരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ആശുപത്രികൾക്കുള്ളിൽ പൊതിച്ചോർ വിതരണം വിലക്കുമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ സാധാരണക്കാര്‍ക്ക് അന്നമൂട്ടിയ "ഹൃദയപൂര്‍വം' നിര്‍ത്തുന്നതിനെതിരെ നാടൊന്നിച്ചുനിന്നു. അതോടെ മന്ത്രി മലക്കംമറിഞ്ഞു. രാഷ്‌ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയാണ്‌ ‘ഹൃദയപൂർവ’ത്തിന്റെ പ്രയാണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home