വെള്ളിമാട്‌കുന്നിൽ യുവതി ഹെൽമെറ്റ് വയ്ക്കാത്തതിന് ‘പിഴ’ തൊട്ടിൽപ്പാലത്തെ യുവാവിന്

കോഴിക്കോട്
ഹെൽമെറ്റ് വയ്ക്കാതെ സ്കൂട്ടറോടിച്ചതിന് ആളുമാറി ഫൈനടിച്ചതായി പരാതി. തൊട്ടിൽപ്പാലം സ്വദേശി ദിനേശനാണ് ട്രാഫിക് പൊലീസിന്റെ ചലാൻ എത്തിയത്. ഹെൽമെറ്റ് വച്ചില്ലെന്നതാണ് പിഴയ്ക്ക് കാരണമായി ചലാനിൽ പറയുന്നത്. വണ്ടിയുടെ നമ്പറും മറ്റു വിവരങ്ങളുമെല്ലാം ദിനേശന്റേതാണ്. എന്നാൽ, അതിനൊപ്പം വന്ന വാഹനത്തിന്റെ ചിത്രത്തിൽ സ്കൂട്ടർ ഓടിക്കുന്നത് ഒരു സ്‌ത്രീയും.
ചലാൻ കണ്ട് ഞെട്ടിയ ദിനേശൻ മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി പരിശോധിച്ചപ്പോഴാണ് പിഴയിലെ ‘പിഴവ്’ മനസ്സിലായത്. ചിത്രത്തിലെ സ്‌കൂട്ടർ യാത്രികയുടെ ‘നിയമലംഘനം’ നടന്നത് കോഴിക്കോട് നഗരത്തിലെ വെള്ളിമാട്‌കുന്നാണ്. തൊട്ടിൽപ്പാലം വിട്ട് സ്കൂട്ടറുമായി എവിടേയ്ക്കും പോകാത്ത തന്റെ വണ്ടിക്കെങ്ങനെ കോഴിക്കോട് നഗരത്തിൽനിന്ന് പിഴ വരുമെന്നാണ് ദിനേശന്റെ ചോദ്യം. മാത്രവുമല്ല, ഹെൽമെറ്റില്ലാതെ താൻ യാത്ര ചെയ്‌തിട്ടില്ലെന്നും ദിനേശൻ പറയുന്നു. 500 രൂപയാണ് ദിനേശന് പിഴയിട്ടിരിക്കുന്നത്. ചേവായൂർ പൊലീസാണ് പിഴയിട്ടിരിക്കുന്നതെന്നും മോട്ടോർവാഹന വകുപ്പിന് ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞ് അവർ കൈയൊഴിഞ്ഞു.










0 comments