കപ്പയിലെ "ശങ്കരൻ' ബ്രാൻഡ്

ശങ്കരൻ കപ്പവിൽപ്പനയിൽ
വി രഗീഷ്
Published on Apr 11, 2026, 01:09 AM | 1 min read
വടകര
കപ്പ ബിരിയാണി, പാൽക്കപ്പ, കപ്പയും മീൻ കറിയും... വിഭവമേതായാലും അന്നും ഇന്നും ഡിമാൻഡുള്ള കപ്പയ്ക്ക് വടകരയിലൊരു ബ്രാൻഡ് അംബാസഡറുണ്ട്, ശങ്കരേട്ടൻ. കാളവണ്ടിയിൽ ചരക്കുനീക്കം ഉണ്ടായിരുന്ന കാലത്ത് തുടങ്ങിയ കപ്പ വിൽപ്പന അഞ്ച് പതിറ്റാണ്ടിനുശേഷം ഇന്നും തുടരുകയാണ് എഴുപ്പത്താറുകാരനായ ശങ്കരൻ.
വടകര മത്സ്യമാർക്കറ്റിന് സമീപമാണ് കപ്പ കച്ചവടം നടത്തുന്നത്. ഗുണമേന്മയുള്ള, മലപ്പുറം കപ്പ മാത്രമാണ് വിൽക്കുന്നതെന്നതിനാൽ സ്ഥിരമായി ഇവിടുന്ന് കപ്പ വാങ്ങുന്നവർ നിരവധിയാണ്. മിതമായ നിരക്കിൽ എല്ലാവരിലേക്കും കപ്പയെത്തിക്കുന്നതാണ് മേപ്പയിലെ മീത്തലെ പറമ്പത്ത് ശങ്കരന്റെയും സംതൃപ്തി. രാവിലെ ആറിന് തുടങ്ങുന്ന വിൽപ്പന രാത്രി എട്ടര വരെയുണ്ടാകും. ഒരു ദിവസം 350 കിലോ വരെ കപ്പ വിറ്റുപോകാറുണ്ട്."അഞ്ച് പതിറ്റാണ്ടുമുമ്പ് വടകര മാർക്കറ്റ് റോഡ് തിക്കും തിരക്കും നിറഞ്ഞ സ്ഥലമായിരുന്നു. യഥേഷ്ടം ആളുകൾ വന്നും പോയും കൊണ്ടേയിരിക്കും. വറുതിയുടെ കാലത്ത് വയറ് നിറച്ച കപ്പയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇന്ന് വീടുകളിൽ കപ്പയുടെ ഉപയോഗം താരതമ്യേന കുറഞ്ഞെങ്കിലും ആഡംബര സൽക്കാരങ്ങളിലെ പ്രധാനിയായി പുള്ളിയുണ്ട്', ബീഡിയും ചുരുട്ടുനിർമാണവും കാലിച്ചാക്ക് കച്ചവടവും വടകരയുടെ സാമ്പത്തിക ഗതിവിഗതികൾ നിയന്ത്രിച്ചിരുന്ന ഒരു കാലത്തുനിന്ന് പട്ടണം ഏറെ മാറിയെന്ന് ശങ്കരൻ ഓര്‍ത്തെടുത്തു.










0 comments