Deshabhimani

സരസിനെ നെഞ്ചേറ്റി കോഴിക്കോട്

സരസ്മേളയുടെ ഭാഗമായി ഒരുക്കിയ ഫുഡ് കോർട്ടിലെ തിരക്ക്

സരസ്മേളയുടെ ഭാഗമായി ഒരുക്കിയ ഫുഡ് കോർട്ടിലെ തിരക്ക്

വെബ് ഡെസ്ക്

Published on May 15, 2025, 01:00 AM | 1 min read

കോഴിക്കോട്

രാജ്യത്തുടനീളമുള്ള ഗ്രാമീണ സംരംഭകരുടെ സംസ്കാരവും രുചിയും തനിമയും ഒത്തുചേർന്ന പന്ത്രണ്ടാമത് സരസ് മേളയിലേക്ക്‌ ജനസാഗരം ഒഴുകിയെത്തി. കോഴിക്കോട് കടപ്പുറത്ത്‌ 64,000 ചതുരശ്ര അടിയിൽ ഒരുക്കിയ സരസ് മേളയിലെ ഉൽപ്പന്ന വിപണന സ്റ്റാളിലും ഫുഡ്‌കോർട്ടിലും 12 ദിവസവും തിരക്കായിരുന്നു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ ‘എന്റെ കേരളം' പ്രദർശന വിപണന മേളയ്‌ക്കൊപ്പമായിരുന്നു കുടുംബശ്രീ ആഭിമുഖ്യത്തിൽ ദേശീയ സരസ് മേളയും സംഘടിപ്പിച്ചത്. ഉൽപ്പന്ന വിപണന മേളയിൽ മികച്ച സ്‌റ്റാളിനുള്ള പുരസ്‌കാരം കോഴിക്കോട് ഹസ്ബി സ്‌പൈസസ് (ഇന്ദ്രനീലം അയൽക്കൂട്ടം), ഇതരസംസ്ഥാന വിഭാഗത്തിൽ ഗോവയിൽനിന്നുള്ള ഹംസ ഡ്രൈ ഫ്ലവേഴ്‌സ് യൂണിറ്റ് (ധനലക്ഷ്മി സ്വയം സഹായസംഘം) എന്നിവ നേടി. ഫുഡ്‌കോർട്ടിലെ മികച്ച ഫുഡ് സ്‌റ്റാളായി കോഴിക്കോട് ജില്ലയിൽനിന്നുള്ള സ്നേഹിത യൂണിറ്റും ഇതര സംസ്ഥാന വിഭാഗത്തിൽ സിക്കിമിൽനിന്നുള്ള സൻജോക്ക് സ്വയംസഹായ സംഘത്തിന്റെ ഫുഡ് സ്റ്റാളും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമെന്റോയും കുടുംബശ്രീ ഗവേർണിങ് ബോഡി എക്സിക്യൂട്ടീവ് അംഗം കെ കെ ലതിക വിതരണം ചെയ്തു. തദ്ദേശീയ വിഭാഗത്തിൽ അട്ടപ്പാടിയിൽനിന്നുള്ള രുചിപ്പൂരം, കുളിമെയ് സ്റ്റാളുകളെയും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ എറണാകുളത്തുനിന്നുള്ള "ലക്ഷ്യ' ജ്യൂസ് സ്റ്റാളിനെയും പാലക്കാട്ടുനിന്നുള്ള ഒരുമ ജ്യൂസ് സ്റ്റാളിനെയും പ്രത്യേകം ആദരിച്ചു. പൂർണമായും ശീതീകരിച്ച പവിലിയനിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഗ്രാമീണ സംരംഭകർ തയ്യാറാക്കിയ കരകൗശലവസ്തുക്കളും തുണിത്തരങ്ങളും ഭക്ഷ്യോൽപ്പന്നങ്ങളുമുൾപ്പെടെ ലഭ്യമാക്കുന്ന 250 ഉൽപ്പന്ന വിപണന സ്റ്റാളുകളും കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലെ തനത് രുചിക്കൂട്ടുകളുടെ സംഗമമായ 50 സ്റ്റാളുകളടങ്ങിയ ഇന്ത്യ ഫുഡ്‌കോർട്ടുമാണ് സന്ദർശകർക്കായി ഒരുക്കിയത്. ഇതര സംസ്ഥാനങ്ങളുടെ 60 ഉൽപ്പന്ന വിപണന സ്റ്റാളുകളും ഒരുക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home