തുല്യമാണ് വിഷു...

വിഷു ആഘോഷങ്ങള്‍ക്കായി പാളയം ബസ് സ്റ്റാന്റ് പരിസരത്ത് സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്
കോഴിക്കോട്
അതിജീവനത്തിന്റെ സന്ദേശവുമായി കൊന്നകൾ പൂത്തുലഞ്ഞു. ഇനി നന്മകളുടെ കണി കണ്ടുണരാം. വിഷുവെന്നാൽ തുല്യം എന്നാണ് അർഥമാക്കുന്നത്. രാത്രിയും പകലും തുല്യമാകുന്ന ദിവസം. വിഷുക്കൈനീട്ടമായി പാവങ്ങളുടെ കൈകളിലേക്ക് സാമൂഹ്യ പെൻഷൻ ഉൾപ്പെടെ നേരത്തെ എത്തിച്ചും വിപണികളിൽ ഇടപെട്ടും വിലക്കയറ്റമില്ലാത്ത വിഷു ഒരുക്കി സർക്കാരും ഒപ്പം ചേർന്നതോടെ ആഘോഷം ശരിക്കും പൊളിക്കും.
സപ്ലൈകോയും കുടുംബശ്രീയും വിഷുച്ചന്തകൾ ആരംഭിച്ചതോടെ വിലക്കയറ്റമില്ലാതെയാണ് ഇക്കുറി വിഷു ആഘോഷം. വിഷുത്തലേന്ന് നഗരത്തിലെങ്ങും വൻ തിരക്കായിരുന്നു. സദ്യയ്‌ക്കുള്ള ചിട്ടവട്ടങ്ങൾക്കും കണിയൊരുക്കലിനും സാധനങ്ങൾ തേടി ആളുകൾ നഗരത്തിലെത്തിയതോടെ മിഠായിത്തെരുവിലും പാളയത്തും കാലുകുത്താനിടമുണ്ടായിരുന്നില്ല. തുണിക്കടകളിലും കച്ചവടം പൊടിപൊടിച്ചു. കസവുവസ്‌ത്രങ്ങൾക്കായിരുന്നു ആവശ്യക്കാരേറെ. ഖാദിക്കും കൈത്തറിക്കും പ്രത്യേക റിബേറ്റുള്ളതിനാൽ അവിടെയും നല്ലതിരക്കായിരുന്നു.
വിഷുത്തലേന്ന് പച്ചക്കറികൾക്ക് ഉണ്ടാകാറുള്ള വിലക്കയറ്റം ഇത്തവണ ഉണ്ടായില്ല. കണിവെള്ളരിക്കായിരുന്നു ആവശ്യക്കാരേറെ. വേനൽമഴ വലിയ തോതിൽ ലഭിക്കാത്തതിനെ തുടർന്ന് വിപണിയിൽ കണിക്കൊന്നയും യഥേഷ്ടം ലഭ്യമായി. പടക്കവിപണിയും സജീവമായി.
എന്നാൽ, ഇത്തവണ കാറ്ററിങ് മേഖലയിലാണ് വലിയ പ്രതിസന്ധി തീർത്തത്. പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാചകവാതകക്ഷാമം രൂക്ഷമായതാണ് കാറ്ററിങ് മേഖലയെ തളർത്തിയത്. കാറ്ററിങ് സ്ഥാപനങ്ങൾക്ക് പാചകവാതകം ലഭിക്കാതായതോടെ വിഷുവിന് ലഭിച്ച ഭക്ഷണ ഓർഡർ പലരും ഉപേക്ഷിക്കുകയായിരുന്നു.
വിഷുക്കൈനീട്ടത്തിന്റെ സ്നേഹവുമായി സപ്ലൈകോ
ഇക്കൊല്ലത്തെ വിഷു കളറാക്കാൻ ഒരുങ്ങി സപ്ലൈകോ. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വാങ്ങാൻ ജില്ലയിലെങ്ങുമുള്ള ഔട്ട്-ലെറ്റുകളിൽ നീണ്ട വരിയാണുള്ളത്. കൈ നിറയെ സാധനങ്ങൾക്കൊപ്പം വിഷുവിന്റെ സ്നേഹസന്ദേശം പകരാൻ 101 രൂപയുടെ വിഷുക്കൈനീട്ടവും ഉപഭോക്താക്കൾക്കായി സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. ഔട്ട്-ലെറ്റുകളിൽനിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങിയവര്‍ 101 രൂപയുടെ വിഷുക്കൈനീട്ടം ഡിസ്-കൗണ്ട് കൂപ്പൺ സ്വന്തമാക്കി. ഏത് സപ്ലൈകോ ഔട്ട്-ലെറ്റിൽനിന്നും 16 മുതൽ മെയ് 30 വരെ 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുമ്പോൾ കൂപ്പൺ തുക കിഴിവായി ലഭിക്കും.
പൊതുവിപണിയിലേതിനേക്കാൾ 35 ശതമാനംവരെ വിലക്കുറവിൽ സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കുന്നതിനാൽ വിഷുവെത്തുംമുമ്പേ ഔട്ട്-ലെറ്റുകളിൽ തിരക്ക് തുടങ്ങിയിരുന്നു. ഈ മാസം രണ്ടിനാണ് വിപണി ആരംഭിച്ചത്. അതേസമയം, 1250 രൂപ വിലയുടെ സാധനങ്ങൾ 1001 രൂപയ്‌ക്ക് ലഭിക്കുന്ന വിഷുക്കണി കിറ്റും സപ്ലൈക്കോയിലെ താരമാണ്. പഞ്ചസാര, ചെറുപയര്‍, വൻപയര്‍, കടല, ശര്‍ക്കരപ്പൊടി, പായസം മിക്സ്, മിൽമ നെയ്യ്, വെളിച്ചെണ്ണ, ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, മസാലകൾ തുടങ്ങി 16 ഇനങ്ങളാണ് കിറ്റിലുള്ളത്.
ഈസ്റ്റര്‍–വിഷു വിപണിയിൽ കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് വൻ വിറ്റുവരവ് നേടാനും സപ്ലൈക്കോയ്ക്ക് കഴിഞ്ഞു.










0 comments