ad
Deshabhimani

യുഡിഎഫിൽ ഭിന്നത രൂക്ഷം

ഉള്ള്യേരിയിൽ യുഡിഎഫ് ചെയർമാൻ രാജിവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 25, 2026, 02:23 AM | 1 min read

ഉള്ള്യേരി

ഉള്ള്യേരി പഞ്ചായത്തിലെ യുഡിഎഫിൽ ഭിന്നതയെ തുടർന്ന്‌ ചെയർമാൻ രാജിവച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പാറക്കൽ അബുഹാജിയാണ്‌ ചെയർമാൻ സ്ഥാനം രാജിവച്ചത്‌. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഉദ്ഘാടനത്തിൽ ഉള്ള്യേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തിൽനിന്ന് മുസ്ലിംലീഗിനെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ്‌ രാജി. യുഡിഎഫിന്റെ സ്വീകരണം ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ പാർടി പരിപാടിയായി മാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടീം യുഡിഎഫ് വാട്‌സാപ്‌ ഗ്രൂപ്പിൽ അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കങ്ങളും നടന്നു.

യുഡിഎഫിന്റെ സ്വീകരണ പരിപാടിക്ക് ചെയർമാൻ അബു ഹാജിയും കൺവീനർ കൃഷ്ണൻ കൂവിലും വാട്‌സാപ്‌ ഗ്രൂപ്പിലൂടെ അറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന്‌ ഉദ്ഘാടന ദിവസം ലീഗ് നേതാക്കൾ രാവിലെ ഒമ്പതിന്‌ ഉള്ള്യേരി ബസ്‌ സ്റ്റാൻഡിൽ എത്തുന്നതിനുമുന്പ്‌ കോൺഗ്രസുകാർ പരിപാടി ആരംഭിച്ചു. ചെയർമാനും കൂട്ടരും ഉദ്‌ഘാടന പരിപാടിയിലേക്ക് എത്തിയപ്പോൾ കോൺഗ്രസ് അംഗങ്ങൾ ഇത് പാർടി പരിപാടി മാത്രമാണന്നും ലീഗുകാർ ഇതിൽ പങ്കെടുക്കേണ്ടതില്ലെന്നും അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ലീഗ് പതാകയുമായി എത്തിയ നേതാക്കളും പ്രവർത്തകരും തിരിച്ചുപോയി. വിഷയം മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയാവുകയും ഭാരവാഹികളുടെ യോഗത്തിൽ ചെയർമാൻ രാജിവയ്ക്കണമെന്ന ആവശ്യമുയരുകയുമായിരുന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തക സമിതി ചേരുകയും സെക്രട്ടറിയറ്റിന്റെ തീരുമാനം അംഗീകരിക്കുകയുമാണുണ്ടായത്. നേരത്തെ എൻആർസി ബാങ്ക് നിയമനവുമായും മറ്റു പലഘട്ടങ്ങളിലും ഇരുപാർടികളും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം എംപിയും മറ്റുനേതാക്കളും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. വി ടി സൂരജ്‌ എംഎൽഎയ്‌ക്ക്‌ മുസ്ലിംലീഗ് ഏർപ്പെടുത്തിയ സ്വീകരണത്തിൽ ക്ഷണിച്ചില്ലെന്നുപറഞ്ഞ് എംഎൽഎയെ കോൺഗ്രസ് നേതാക്കൾ സ്വീകരണ പരിപാടിയിൽ പങ്കെടുപ്പിക്കാത്തതും ലീഗിനെ ചൊടിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home