കാലാവധി നീട്ടാതെ സര്‍ക്കാര്‍
ജീവൻ നിലച്ച് ഹരിത കേരളം മിഷൻ

സ്വന്തം ലേഖിക
Published on Jul 24, 2026, 12:48 AM | 1 min read
കോഴിക്കോട്
ഭരണമാറ്റത്തിനുപിന്നാലെ പ്രവര്‍ത്തനംനിലച്ച് ഹരിത കേരളം മിഷൻ. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിയ്ക്കുന്ന മഴക്കാലത്ത് മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലുമെല്ലാം നടപടി കൈക്കൊള്ളാതെ മിഷന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആളുകളെ നിയോഗിക്കാത്തതും സർക്കാർതലത്തിൽനിന്ന് മാർഗനിർദേശം വരാത്തതുമാണ് പദ്ധതികളെ അനിശ്ചിതത്വത്തിലാക്കുന്നത്. പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്.
നേരത്തെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധ നടപടികൾക്കും നേതൃത്വം നൽകിയിരുന്നത് ഹരിത കേരളം മിഷനായിരുന്നു. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇത്തവണ നടന്നില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നടക്കേണ്ട മാലിന്യനിർമാർജന പ്രവർത്തനങ്ങളും താളംതെറ്റി. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്‌ക്കാൻ ലക്ഷ്യമിട്ടുള്ള ‘നെറ്റ് സീറോ' പദ്ധതിയും പാതിവഴിയിലാണ്. ഈ മാസം 31ന് മിഷന്റെ പ്രവർത്തനാനുമതിയും അവസാനിക്കും.
വൈവിധ്യമാർന്ന പദ്ധതികളിലൂടെ ശുചിത്വ–മാലിന്യ സംസ്‌കരണ മേഖലയിൽ മിഷൻ ജില്ലയിൽ വലിയ മാറ്റമാണുണ്ടാക്കിയത്. 2016ലാണ് മിഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ഇതുവരെ ജൈവവൈവിധ്യം സംരക്ഷണം ലക്ഷ്യമിട്ട് 82.33 ഏക്കറിലായി 247 പച്ചത്തുരുത്തുകൾ ഒരുക്കി. നെറ്റ് സീറോ ക്യാമ്പയിന്റെ ഭാഗമായി 108 സ്ഥാപനങ്ങൾ കാർബൺ ഓഡിറ്റിങ് നടത്തുകയും മൂന്ന് സ്ഥാപനങ്ങൾ കാർബൺ നെഗറ്റീവായി പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.
കാലാവധി നീട്ടാൻ സർക്കാർ തയ്യാറാകാത്തതിനാൽ നിലവിൽ പേരിന് മാത്രമാണ് പ്രവർത്തനങ്ങൾ. 16 ജീവനക്കാർ പ്രവർത്തനം ഏകോപിപ്പിച്ചിരുന്ന സ്ഥാനത്ത് ഡെപ്യൂട്ടേഷനിലുള്ള ജില്ലാ കോ–ഓർഡിനേറ്ററും രണ്ട് താൽക്കാലിക ജീവനക്കാരും മാത്രമേ നിലവിലുള്ളൂ.










0 comments